രോഗങ്ങള്‍ വരുമ്പോള്‍ മന്ത്രവാദവും അംഗീകാരമില്ലാത്ത ചികിത്സയും പച്ചമരുന്നുകളും മാത്രം ആശ്രയിച്ചാണ് മിക്ക ആദിവാസി കുടുംബങ്ങളും കഴിയുന്നത്. 

വയനാട്: വയനാട്ടിലെ പ്രത്യേകിച്ച് മുള്ളന്‍കൊല്ലിയിലെ ആദിവാസി ഊരുകളില്‍ ദുര്‍മന്ത്രവാദത്തിന് ഇരകളാകുന്നുവരുടെ എണ്ണം വര്‍ധിക്കുന്നു. രോഗങ്ങള്‍ വരുമ്പോള്‍ മന്ത്രവാദവും അംഗീകാരമില്ലാത്ത ചികിത്സയും പച്ചമരുന്നുകളും മാത്രം ആശ്രയിച്ചാണ് മിക്ക ആദിവാസി കുടുംബങ്ങളും കഴിയുന്നത്. 

പലപ്പോഴായി ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെതിരെ രംഗത്തുവരാത്തതാണ് ഇത്തരം കീഴ് വഴക്കങ്ങള്‍ വ്യാപകമാകാന്‍ കാരണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് പോലും ആശുപത്രിയിലെത്തിക്കാതെയും ഡോക്ടറെ സീപിക്കാതെയും വ്യാജ വൈദ്യന്മാരെയും പച്ചമരുന്നും മന്ത്രവാദവും മാത്രം ആശ്രയിക്കുന്ന രീതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പുറംലോകമറിയുന്നത്.

ഇരിപ്പൂട് കോളനിയില്‍ കഴിഞ്ഞ മാസം പാമ്പ് കടിയേറ്റ യുവാവ് പത്ത് ദിവസത്തോളമാണ് പച്ചമരുന്നും മന്ത്രവാദ ചികിത്സകളുമായി കഴിഞ്ഞു കൂടിയത്. ഒടുവില്‍ കാലിലെ വ്രണം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ജനപ്രതിനിധികളും പോലീസും ഏറെ പണിപ്പെട്ടാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ ഇയാളുടെ കാല് മുറിച്ച് മാറ്റേണ്ടി വന്നു. 

മുള്ളന്‍കൊല്ലി വെള്ളപ്പാടി കോളനിയിലും സമാനസംഭവം ഉണ്ടായി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ രണ്ട് ദിവസത്തോളം ആശുപത്രിയിലെത്തിക്കാന്‍ കുടുംബം സമ്മതിച്ചില്ല. പ്രദേശത്തെ മന്ത്രവാദിയെത്തി ചരട് കെട്ടിയിട്ടുണ്ടെന്നും ആശുപത്രിയിലെത്തിക്കേണ്ട കാര്യമില്ലെന്നുമാണ് ഇവരെ കാണാനെത്തിയ നാട്ടുകാരോട് കുടുംബം പറഞ്ഞത്. 

എങ്കിലും കോളനിവാസികളില്‍ ചിലരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം അധികൃതര്‍ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കി ഇടപ്പെടുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

മന്ത്രവാദ ചികിത്സയും അംഗീകാരമില്ലാത്ത പച്ചമരുന്ന് ചികിത്സകളും വ്യാപകമായിട്ടുണ്ടെന്ന് തെളിവ് സഹിതം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രാദേശിക ഭരണകൂടങ്ങളോ മറ്റോ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലത്രേ. ആദിവാസികള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ ആരോഗ്യവകുപ്പും പോലീസും രംഗത്ത് വരണമെന്ന് കോളനി നിവാസികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കണം. ജില്ലാ ഭരണകൂടവും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.