ഇടുക്കി: തമിഴ്നാട് പെരിയകുളത്ത് സ്വകാര്യ കോളേജ് ഹോസ്റ്റലിൽ ഇടുക്കി സ്വദേശിയായ വിദ്യാർത്ഥി തൂങ്ങിമരിച്ചത് വാർഡന്റെ ഭീഷണിമൂലമെന്ന് ബന്ധുക്കൾ. കഞ്ചാവ് കൈവശം വച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ഹോസ്റ്റൽ വാർഡൻ ഭീഷണിപ്പെടുത്തിയെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നലെ രാവിലെയാണ് ഇടുക്കി  മഞ്ഞുമല സ്വദേശി ഷൈജുവിനെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പെരിയകുളം മേരിമാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷൈജു. കോളേജ് ഹോസ്റ്റലിൽ വാർഡൻ നടത്തിയ പരിശോധനയിൽ ഷൈജുവിന്റെ തൊട്ടടുത്ത മുറിയിൽ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഇതിൽ ഷൈജുവിനും പങ്കുണ്ടെന്നും കോളേജിൽ നിന്നു പുറത്താക്കുമെന്നും വാർഡൻ ഭീഷണിപ്പെടുത്തിയതായി സഹപാഠി വൈങ്കിടേശ്വരൻ പറഞ്ഞു.

ഷൈജുവിന് യാതൊരുവിധ ദുശ്ശീലങ്ങൾ ഇല്ലെന്നും മുമ്പും വാർഡനിൽ നിന്ന് മാനസിക പീഡനമുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. വാർഡനെതിരെ പരാമാർശമുള്ള ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും പെരിയകുളം പൊലീസ് അറിയിച്ചു.