Asianet News MalayalamAsianet News Malayalam

വീട് നിർമാണത്തിന് എത്തിയ തമിഴ്നാട് സ്വദേശിയെ കാണാനില്ലന്ന പരാതിയുമായി കുടുംബം

സേവ്യറെ കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്...

Family complains of missing Tamil Nadu resident who came for building work
Author
Alappuzha, First Published Nov 19, 2021, 8:03 PM IST

ഹരിപ്പാട്: വീട് നിർമാണത്തിന് എത്തിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാനില്ലന്ന പരാതിയുമായി കുടുംബം. കന്യാകുമാരി  മുട്ടക്കാട് വലിയപറമ്പിൽ  ടി സേവ്യറിനെ(34)യാണ് കഴിഞ്ഞ ഒക്ടോബർ 14 മുതൽ കാർത്തികപള്ളിയിൽ നിന്ന് കാണാതായത്. കന്യാകുമാരി സ്വദേശിയായ ലോറൻസ് എന്ന കരാറുകാരന്റെ ജീവനക്കാരനായിരുന്നു സേവ്യർ. കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിൽ വടക്ക് ലോറൻസ് ഒരു വീടിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തുന്നുണ്ട്. 

സേവ്യർ  ഇവിടെ താമസിച്ചു ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം വൈകുന്നേരം മറ്റൊരു തൊഴിലാളിയായ സജിത്തിനോടൊപ്പം രാത്രിയിൽ പുറത്തു പോയി ഭക്ഷണം കഴിച്ചു മടങ്ങി വന്നതാണ് സേവ്യർ. പിന്നീട് സജിത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാനായി പോയി. സേവ്യർ താഴത്തെ ഷെഡ്ഡിലാണ് ഉറങ്ങിയത് എന്നാണ് സജിത്ത് ധരിച്ചിരുന്നത്. പിന്നീട് രാവിലെയാണ് സേവ്യറെ  കാണാനില്ല എന്നുള്ള വിവരം അറിയുന്നത്. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.

സംഭവ ദിവസം രാത്രി എട്ടരയോടെ സേവ്യർ ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചതാണ്. എന്നാൽ പിറ്റേ ദിവസം രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു . തുടർന്ന് കരാറുകാരനായ  ലോറൻസിനെ ഫോൺ ചെയ്തപ്പോഴാണ് സേവ്യർ തലേദിവസം രാത്രി മുതൽ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. പതിനാറാം തീയതി രാവിലെ സേവ്യറിന്റെ കുടുംബം തൃക്കുന്നപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇപ്പോൾ 34 ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. സേവ്യറിന്റെ ഭാര്യ സുജ , മക്കളായ ശാലിനി (8), സജിൻ സേവ്യർ (2), മാതാവ് ലീല എന്നിവരാണ് കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിൽ  എത്തിയത്.

തൃക്കുന്നപ്പുഴ പൊലീസ് പറയുന്നത് സേവ്യറെ കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തനായിട്ടില്ലെന്നാണ്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios