മുതുകുളം: ആലപ്പുഴ മുതുകുളത്ത് വെള്ളക്കെട്ട് മൂലം നാലംഗ കുടുംബം ദുരിതത്തില്‍. മുതുകുളം 14-ാംവാര്‍ഡ് പുത്തന്‍ചിറയില്‍ ഗോപകുമാറും കുടുംബവുമാണ് കടുത്ത ദുരിതം പേറുന്നത്. ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. മഴ അല്പം ശക്തമായാല്‍ പോലും തകരഷീറ്റുകൊണ്ട് നിര്‍മിച്ച വീട്ടില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതോടെ ഭക്ഷണം പോലും പാചകം ചെയ്യാനാവില്ല. 

ഗോപകുമാറും ഭാര്യയും പത്തും പതിമൂന്നും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസക്കാരായുള്ളത്. ഇപ്പോള്‍ കക്കൂസും പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രാഥമികാവശ്യം പോലും നിറവേറ്റാനാകാതെ വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടുമോയെന്ന ഭീതിയുമുണ്ട്.

രോഗബാധിതനായതിനാല്‍ ഗോപകുമാറിന് ജോലിക്കൊന്നും പോകാനാകുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് കുടുംബം കഴിയുന്നത്. അതിനിടെയാണ് വെള്ളക്കെട്ട് മൂലമുള്ള ദുരിതം. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.