ഹരിപ്പാട്: മഴയെ തുടർന്ന് പാടത്തു നിന്നും ഒഴുകി വരുന്ന വെള്ളം തുറന്നു വിടാൻ അയൽവാസി സമ്മതിക്കാത്തതിനാൽ  കെട്ടി നിന്ന് ദുരിതമനുഭവിച്ച് പള്ളിപ്പാട്ടെ കുടുംബം. പള്ളിപ്പാട് പതിനൊന്നാം വാർഡിൽ നീണ്ടൂർ ആലുംമൂട്ടിൽ പടീറ്റതിൽ സുരേഷ് കുമാറും കുടുംബവുമാണ് രണ്ടാഴ്ചയിലേറെയായി ദുരിതമനുഭവിക്കുന്നത്. പരിസരവാസികളുടെ പുരയിടങ്ങളിൽ നിന്നും വയലുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളം പറമ്പിൽ കെട്ടി നിൽക്കുകയാണ്. 

ഇവരുടെ പറമ്പിൽ കെട്ടി നിൽക്കുന്ന വെള്ളം അയൽവാസിയുടെ പറമ്പിൽക്കൂടി കുഴലിട്ടാണ് പടിഞ്ഞാറ് ഭാഗത്തുള്ള പുഞ്ചയിലേക്ക് ഒഴുക്കി വിട്ടിരുന്നത്. കുറേ നാളുകളായി വെള്ളം ഒഴുകിമാറിയിരുന്ന ഈ കുഴൽ അയൽവാസി വെട്ടിമൂടിയതിനാൽ വെള്ളം ഒഴുകി മാറുന്നുമില്ല. ഇതു കാരണം താമസിക്കുന്ന വീടിൻറെ ഭിത്തി മുഴുവൻ ഈർപ്പം പിടിച്ച് വിണ്ടു കീറി. ശൗചാലയത്തിനുള്ളിൽ വെള്ളം കയറിയതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയുന്നില്ല. 

തൊഴുത്തിൽ വെള്ളം കയറിയതിനാൽ കന്നുകളെ കെട്ടുന്നതിനും കഴിയുന്നില്ല. ഇത് കാണിച്ച് ഗ്രാമപഞ്ചായത്തധികൃതർ വില്ലേജ് ഓഫീസർ, തഹസീൽദാർ കളക്ടർ, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതു പ്രകാരം വില്ലേജ് ഓഫീസർ വിളിച്ചു ചേർത്ത യോഗതീരുമാനപ്രകാരം വെട്ടി മൂടിയ കുഴലിന് പകരം പുതിയ കുഴലിടാൻ അയൽവാസി സമ്മതിച്ചിരുന്നതുമാണ്. 

ഇതനുസരിച്ച് വാർഡ് മെമ്പറും പണിക്കാരും വന്നപ്പോൾ അയൽവാസി വീടും പൂട്ടി സ്ഥലത്ത് നിന്ന് മാറിക്കളഞ്ഞു. സുരേഷ് കുമാറിനെ കൂടാതെ പിതാവ് രാധാകൃഷ്ണപിള്ള (75), ഭാര്യ ശ്രീലേഖ, മക്കളായ അതുല്യ, അമ്പാടി എന്നിവരും ഈവീട്ടിലാണ് താമസിക്കുന്നത്. വെള്ളക്കെട്ടില്‍ നിന്ന് ഇവരുടെ കാൽവിരലുകൾ മുഴുവൻ അഴുകിയിരിക്കുകയാണ്. എലിപ്പനി പോലുള്ള മാരകരോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്.