വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇടമലക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ എത്തിയതോടെ കേന്ദ്രത്തിന്റ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇടമലക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ (Family Health Center ) ഡോക്ടര്‍ എത്തിയതോടെ കേന്ദ്രത്തിന്റ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ആര്‍ എച്ച് എമ്മില്‍ നിന്നുള്ള ഡോക്ടറാണ് ഡിസംബര്‍ ഒന്നിന് ആരോഗ്യ കേന്ദ്രത്തിലെത്തി ചുമതലയേറ്റ് ചികിത്സ തുടങ്ങിയത്. ഇതിനു പുറമേ വ്യാഴാഴ്ച പി എസ് സി വഴിയുള്ള രണ്ടു ഡോക്ടര്‍മാരെ കൂടി സര്‍ക്കാര്‍ ഇവിടേക്ക് നിയമിച്ചു.

ഇതോടെ രണ്ടു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായ സൊസൈറ്റിക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിച്ചു തുടങ്ങും. കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയുള്ള ആരോഗ്യ കേന്ദ്രം 2019 ലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് 15 ലക്ഷം രൂപാ മുടക്കി ആശുപത്രിയിലേക്കാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. 

എന്നാല്‍ രണ്ടു വര്‍ഷമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നിയമനം നടത്താത്തതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയില്ല. കുടിയിലുള്ള എന്‍ ആര്‍ എച്ച് എം സബ്ബ് സെന്ററിലെ നേഴ്‌സ് ഉള്‍പ്പെടെയുള്ള നാലു ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക വൈദ്യസഹായം നല്‍കി വന്നിരുന്നത്. കെട്ടിടം പണി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാരംഭിക്കാത്തത് സംബഡിച്ച് എ രാജാ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുകയും മറുപടിയായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍മാരെ നിയമിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ജീവനക്കാരുടെ ഏഴ് തസ്തികളുടെ നിയമനം സംബന്ധിച്ചുള്ള ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇവരെ നിയമിക്കുന്നതു വരെ എന്‍ ആര്‍ എച്ച്.എമ്മിലെ ജീവനക്കാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാക്കിയാണ് പ്രവര്‍ത്തനം നടത്തുന്നത്. 

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിക്കാരുടെ സ്വന്തമായി ചികിത്സയെന്ന ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്. നാളിതുവരെ കുടിയില്‍ അസുഖം ബാധിക്കുന്നവരെയും മറ്റ് അപകടങ്ങളില്‍ പെടുന്നവരെയും വാഹനത്തിലും മറ്റും കിലോമീറ്ററുകള്‍ സഞ്ചരിച്ച് മൂന്നാര്‍, അടിമാലി, കോട്ടയം എന്നിവടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു ചികിത്സ നല്‍കിയിരുന്നത്.