മാന്നാർ: വെള്ളക്കെട്ടിന് സമീപമുള്ള കൂരയ്ക്കുള്ളില്‍ വെള്ളം കയറിയതോടെ ദുരിതത്തിലായി അഞ്ചംഗ കുടുംബം. മാന്നാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കുരട്ടിക്കാട് നന്ത്യാട്ട് ചിറയിൽ പരേതനായ ചന്ദ്രന്റെ ഭാര്യ രോഹിണിയും കുടുംബവുമാണ് ദുരിതത്തിലായത്. പ്ലാസ്റ്റിക് ഷീറ്റ് മാത്രം കൊണ്ട് മറച്ച കുടിലിനുള്ളിൽ രോഹിണിയും  മകളും മകളുടെ മൂന്ന് മക്കളുമാണ് താമസിക്കുന്നത്.

18 വർഷം മുൻപ് രോഹിണിയുടെ  ഭർത്താവ് ചന്ദ്രൻ മരിച്ചു. ബിന്ദുവിന്റെ ഭർത്താവും രണ്ടു വർഷം മുമ്പ് മരിച്ചു. ഇതോടെ ഈ കുടുംബം പട്ടിണിയിലായി. വാടക കൊടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായതോടെ രോഹിണിയുടെ ഭർത്താവ് ചന്ദ്രന്റ അമ്മ ദേവകി ഇഷ്ടദാനം നൽകിയ പത്ത് സെന്റ് സ്ഥലത്ത് പ്ലാസ്റ്റീക് ഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച വീടിനുള്ളിൽ താമസമാക്കിയത്. എന്നാല്‍ മഴ പെയ്തതോടെ ഇവര്‍ ദുരിതത്തിലായി. 

വീടിനുള്ളിലും  പരിസരവും വെള്ളം കയറി പുറത്തിറങ്ങാൻ കഴിയാത്ത  അവസ്ഥയിലാണ് ഈ കുടുംബമുള്ളത്. വീടിനുള്ളിൽ മുട്ടറ്റം വെള്ളം നിറഞ്ഞ്ആഹാരം പോലും വെച്ച് കഴിക്കാൻ കഴിയാത്ത സ്ഥിതിയിലാണുള്ളത്. വൈദ്യുതി പോലും ഇല്ലാത്ത ഈ വീട്ടിൽ സ്കൂൾ വിദ്യാർത്ഥിയായ ബിന്ദുവിന്റെ മക്കൾക്ക് വിദ്യാഭ്യാസം പോലും മുടങ്ങുന്ന അവസ്ഥയാണ്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞു കൊണ്ട് അധികാരപ്പെട്ടവർ സഹായത്തിനെത്തുന്നതും കാത്ത് കഴിയുകയാണ് ഈ കുടുംബം