വളാഞ്ചേരി: ആറ് വര്‍ഷം മുമ്പ് കളഞ്ഞുപോയ രണ്ട് പവന്റെ ആഭരണം ഈ രീതിയില്‍ തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിട്ടില്ലായിരുന്നു കെ പി സാബിറും കുടുംബവും. വീട്ടിലെ വാഷിങ് മെഷീന്‍ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് 1000 രൂപക്കാണ് വിറ്റത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വാഷിങ് മെഷീന്‍  ഉപയോഗിക്കാന്‍ പറ്റാതായതോടെയാണ് വിറ്റത്.

എന്നാല്‍ അതിനുള്ളില്‍ മറഞ്ഞിരുന്ന സ്വര്‍ണ്ണാഭരണം ഇക്കാലമത്രയും ആരും കണ്ടില്ല. പെരിന്തല്‍മണ്ണ റോഡില്‍ ഉപകരണങ്ങളുടെ റിപ്പയറിങ് നടത്തുന്ന സ്ഥാപനത്തിലെ മെക്കാനിക് പാങ്ങ് മാടപറമ്പില്‍ ഷംസുദ്ദീന്‍ വാഷിങ് മെഷീന്‍ പൊളിച്ച് നോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം ലഭിച്ചത്.  

യന്ത്രം അഴിച്ചു പണിയുന്നതിനിടെയാണ്  പാദസരത്തിന്റെ മുറിഞ്ഞ കഷണങ്ങള്‍ ഇതില്‍ നിന്നും കിട്ടുന്നത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. ആറ് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടതാണ് ആഭരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത് വാഷി1ങ് മെഷീനില്‍ ഉണ്ടാകുമെന്ന്  ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. തിരിച്ചുകിട്ടില്ലെന്ന് കരുതിയ മുതല്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഷംസുദ്ദീന് പാരിതോഷികം നല്‍കിയാണ് വീട്ടുകാര്‍ മടക്കി അയച്ചത്.