പേരക്കുട്ടി റിച്ച റോസ് മൈക്കിളും (ഇൻഫോസിസ്) ഭർത്താവ് കുര്യാസ് പോൾ അന്റണി ലൂക്കും (ടാറ്റ കമ്മ്യൂണിക്കേഷൻസ്) ചേർന്നാണ് കഴിഞ്ഞ ജൂൺ 10 ന് ക്യൂ ആർ കോഡ് ഫലകം സ്ഥാപിച്ചത്.
ആലപ്പുഴ: മാതാപിതാക്കളുടെ കല്ലറയ്ക്ക് മുകളിൽ ക്യുആർ കോഡ് സ്ഥാപിച്ച് കുടുംബം. കോഡ് സ്കാൻ ചെയ്താൽ ഇരുവരെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും. തത്തംപള്ളി വാർഡ് മഠം റോഡ് ടിആർഎ-3 കരിക്കംപള്ളിൽ നിര്യാതരായ അഡ്വ. കെ. ടി. മത്തായി, ഭാര്യ റോസമ്മ മത്തായി എന്നിവരെ അടക്കിയ ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയുടെ സ്ലാബിന് മുകളിലാണ് മെറ്റൽ ക്യുആർ സ്മാരക ഫലകം സ്ഥാപിച്ചിരിക്കുന്നത്.
സെമിത്തേരിയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. ഇവരുടെ പേരക്കുട്ടി റിച്ച റോസ് മൈക്കിളും (ഇൻഫോസിസ്) ഭർത്താവ് കുര്യാസ് പോൾ അന്റണി ലൂക്കും (ടാറ്റ കമ്മ്യൂണിക്കേഷൻസ്) ചേർന്നാണ് കഴിഞ്ഞ ജൂൺ 10 ന് ക്യൂ ആർ കോഡ് ഫലകം സ്ഥാപിച്ചത്. ക്യുആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ ലഭിക്കുന്ന ലിങ്കിലൂടെ പരേതരുടെ ജീവ ചരിത്രം അടക്കമുള്ള വിശദവിവരങ്ങൾ അനുബന്ധ വെബ്സൈറ്റിലെ പേജിൽ ലഭ്യമാകും. ഫോട്ടോകൾ, വീഡിയോകൾ, പ്രിയപ്പെട്ട നിമിഷങ്ങൾ എന്നിവയാൽ നിറഞ്ഞ മനോഹരമായ ഒരു ഡിജിറ്റൽ സ്മാരകം ഒരു ലളിതമായ സ്കാൻ വഴി തുറക്കുമ്പോൾ കാണാവുന്നതാണ്.
കാലാതീതവും സുന്ദരവുമാക്കാൻ സ്വർണ ഫിനിഷുള്ള സ്റ്റീലിൽ നിർമ്മിച്ചതാണീ ചെറുഫലകം. എന്നെന്നേക്കുമായി നിലനിൽക്കാനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യമുണ്ട്. പരേതരെക്കുറിച്ചുള്ള ഓർമ്മകൾ വരുംതലമുറകൾക്കിടയിൽ ഒരിക്കലും മങ്ങാതെ നിലനിൽക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ദി ലാസ്റ്റ് ഗിഫ്റ്റ് ഡോട്ട് ഇൻ ആണ് മെറ്റൽ ക്യുആർ മെമ്മോറിയൽ പ്ലേറ്റിന്റെ നിർമാതാക്കൾ.
