തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ 23 വയസുകാരിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ഭർതൃ വീട്ടുകാരുടെ രാഷ്ട്രീയ ബന്ധം വെച്ച് കേസ് തേച്ചുമാച്ചു കളയാൻ പൊലീസ് ശ്രമിക്കുന്നുയെന്നും  മകളുടെ മരണം കൊലപാതകമാണെന്നും കാട്ടി യുവതിയുടെ പിതാവ്  മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. 

ബാലരാമപുരം കരയ്ക്കാട്ടുവിള ഷംന മൻസിലിൽ ഷാജഹാന്റെ മകൾ ഷഹാനയുടെ(23) മരണത്തിലാണ് ബന്ധുക്കൾ  ദുരൂഹത ഉയർത്തുന്നത്.  ഇക്കഴിഞ്ഞ ജൂൺ 5ന് ഉച്ചയോടെയാണ് ഷഹാനയെ ഭർത്താവ് ഷഫീക്കിന്റെ ഉച്ചക്കടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്ന വിവരം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. സംഭവത്തിന് അര മണിക്കൂർ മുൻപ് ഷഹാന പിതാവിനെ ഫോൺ ബന്ധപ്പെട്ട് ഉടൻ വീട്ടിലേയ്ക്ക് വരികയാണെന്ന്  അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 

എന്നാൽ അര മണിക്കൂർ കഴിഞ്ഞ് ഷഹാന ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഭർതൃ വീട്ടുകാർ ഷഹാനയുടെ വീട്ടുകാരെ വിളിച്ച് അറിയിച്ചത്. വിവാഹ ശേഷം ഭർത്താവ് ഷഫീക്കും മാതാവും ചേർന്ന് ഷഹാനയെ  സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം
പീഡിപ്പിച്ചിരുന്നതയായും ഷഫീക്കിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നത് ഷഹാന ചോദ്യം ചെയ്ത് പലതവണ കലഹം നടന്നിട്ടുള്ളതായും മകള്‍‌ പറഞ്ഞിരുന്നതായി പിതാവ് അറിയിച്ചു.

 സംഭവ ദിവസവും അത്തരം സംഭവം നടന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവ സമയം ഷഫീഖും മാതാവും വീട്ടിലുണ്ടായിരുന്നുയെങ്കിലും  സമീപവാസിയാണ് ഷഹാനയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്.  തുടർന്ന് കേട്ട് മുറിച്ച് ഉടൻ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ പലതും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയില്ല എന്ന് ബന്ധുക്കൾ പറയുന്നു. ഷഫീഖിന്റെ രാഷ്ട്രീയ ബന്ധം വെച്ച് കേസ് വെറും ആത്മഹത്യ എന്ന് വരുത്തിത്തീർത്ത് തേച്ചുമായ്ച്ചു കളയാൻ ശ്രമം നടക്കുന്നതായും അതിന് പൊലീസ് കൂട്ടുനിൽക്കുകയാണെന്നുമുള്ള ആരോണങ്ങൾ ഷഹാനയുടെ ബന്ധുക്കളും നാട്ടുകാരും ശക്തമായി ഉന്നയിക്കുന്നുണ്ട്.

 ഷഹാനയുടെ ശവസംസ്കാര ചടങ്ങിലും ഷഫീക്ക് പങ്കെടുക്കാത്തതും ദുരൂഹത വർധിക്കുന്നുണ്ട്. പൊലീസ് അന്വേഷണം നിലച്ചതോടെയാണ് ഷഹാനയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. ഷഹാന ഷഫീഖ് ദമ്പതികൾക്ക് ഒന്നരവയസുള്ള ആൺകുട്ടിയുണ്ട് . 2015 ജൂലൈ 30 ന് ആയിരുന്നു ഷഫീക്കുമായി ഷഹാനയുടെ വിവാഹം. ദമ്പതികൾക്ക് ഒന്നര വയസുകാരനായ ഒരു മകനുമുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മറ്റു അസ്വാഭാവികത ഒന്നുമില്ലെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.