മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് താമസിക്കുന്ന 19 വയസ് മാത്രം പ്രായമുള്ള ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടി മടങ്ങി വരാതായതോടെ തെരച്ചിൽ തുടങ്ങിയ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി.
എറണാകുളം: മലയാറ്റൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 19 വയസുകാരി ചിത്രപ്രിയ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്. പിന്നീട് ആൺസുഹൃത്തിനാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. സംശയത്തെ തുടർന്ന് തലയ്ക്ക് കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആൺസുഹൃത്ത് അലൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായതിനെ തുടര്‍ന്ന് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ചിത്രപ്രിയ. മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് താമസിക്കുന്ന 19 വയസ് മാത്രം പ്രായമുള്ള ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടി മടങ്ങി വരാതായതോടെ തെരച്ചിൽ തുടങ്ങിയ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിൽ ഉള്ള വഴിയിൽ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ അഴുകിയ മൃതദേഹം കണ്ടത്.
തലയ്ക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും കണ്ടെത്തിയതോടെ കൊലപാതകമെന്ന് പോലീസ് ഉറപ്പിച്ചു. ചിത്രപ്രിയയും ആൺസുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കൂടി പിന്നാലെ ലഭിച്ചതോടെ അലനെ കസ്റ്റഡിയിൽ എടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു എന്ന് പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് മറ്റൊരാൺ സുഹൃത്ത് ഉണ്ടെന്ന സംശയത്തിൽ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകം. സിസിടിവിയിൽ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തലയ്ക്കേറ്റ ഗുരുതര മുറിവിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കണ്ട കല്ലിലും രക്തക്കറ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്‍റെ മുറിവുകളും ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ചിത്രപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.



