ഇടുക്കി: ഇടുക്കി രാജ്കുമാരിയില്‍ കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. എസ്റ്റേറ്റ് പൂപ്പാറയ്ക്ക് സമീപം കാക്കുന്നേല്‍ സന്തോഷ് ആണ് ഇന്നലെ വൈകിട്ട് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. വീടിനുള്ളില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മരത്തില്‍ നിന്നുവീണ് ജോലിക്ക് പോകാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയായിരുന്നു സന്തോഷ്. കടബാധ്യതയിലുള്ള മനോവിഷമമാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നാടന്‍ തോക്കുപയോഗിച്ചാണ് സന്തോഷ് വെടിയുതിര്‍ത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഭാര്യ രജനിയും മകന്‍ അര്‍ജുനും ഓടിയെത്തിയപ്പോള്‍ തലയ്ക്കും കഴുത്തിനും പരിക്കേറ്റനിലയില്‍ സന്തോഷിനെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സന്തോഷിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു വര്‍ഷത്തിനിടെ ഇടുക്കിയില്‍ ജീവനൊടുക്കുന്ന 11-ാമത്തെ കര്‍ഷകനാണ് സന്തോഷ്.