Asianet News MalayalamAsianet News Malayalam

കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുത കെണിവെച്ചു, അതേ കെണിയിൽ കുടുങ്ങി ഇടുക്കിയിൽ കർഷകന് ദാരുണാന്ത്യം

പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കെണിയിൽ കാട്ടുപന്നി കുടുങ്ങിയോ എന്ന് നോക്കുന്നതിനും  വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും  എത്തിയപ്പോഴാണ് വർഗീസ് ഷോക്കേറ്റ് മരിച്ചത്.

farmer is electrocuted by an illegal electric fence in Idukki vkv
Author
First Published Nov 7, 2023, 1:14 PM IST

കട്ടപ്പന: ഇടുക്കി കരുണാപുരത്ത് കാട്ടു പന്നിയെ പിടികൂടാൻ വച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലിൽ ഷാജിയെന്ന് വിളിക്കുന്ന വർഗീസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കെണിയിൽ കാട്ടുപന്നി കുടുങ്ങിയോ എന്ന് നോക്കുന്നതിനും  വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും  എത്തിയപ്പോഴാണ് വർഗീസ് ഷോക്കേറ്റ് മരിച്ചത്.

നടന്നു പോകുന്നതിനിടെ കാൽ വഴുതി കമ്പിയിലേക്ക് വീണപ്പോൾ ഷോക്കേറ്റതാണെന്നാണ് കരുതുന്നത്.  കേരള തമിഴ്നാട് അതിർത്തിയിലെ വനത്തോട് ചേർന്നാണ് സ്ഥലം. വനത്തിൽ നിന്നെത്തുന്ന കാട്ടുപന്നിയെ പിടികൂടാൻ നൂറു മീറ്ററോളം നീളത്തിൽ കമ്പി വലിച്ചു കെട്ടിയ ശേഷം ഇത് വൈദ്യുത ലൈനിലേക്ക് നേരിട്ട് ബന്ധിപ്പിച്ചാണ് വർഗീസ് കെണിയൊരുക്കിയിരുന്നത്. പറമ്പിലേക്ക്  പോയി ഏറെ നേരം കഴിഞ്ഞിട്ടും വർഗീസിനെ കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ബന്ധുക്കള്‍ കെഎസ്ഇബിയിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇലക്ട്രിക്ക് ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി കടത്തി വിട്ടതിനാൽ മോഷണത്തിന് കേസെടുക്കാൻ കെഎസ്ഇബി പോലീസിന് പരാതി നൽകും.

Read More : 'അത് സാധാരണ മരണമല്ല, കൊലപാതകം, കഴിക്കുന്ന പ്ലേറ്റിലേക്ക് പഴയ ഭക്ഷണം ഇട്ടു, അടിയായി'; മേസ്തിരി പിടിയിൽ
 

Follow Us:
Download App:
  • android
  • ios