കടുവയുടെ ആക്രമണമുണ്ടായത് വനത്തിനകത്ത് നിന്നാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറാകാതിരുന്നത് സംഘര്‍ഷത്തിനിടയാക്കി.


സുല്‍ത്താന്‍ബത്തേരി: മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരന്‍ചെട്ടിയാരുടെയും ജാനകിയുടെയും മകന്‍ കുഞ്ഞിക്കൃഷ്ണന്‍ (49) ആണ് മരിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. 

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും മരിച്ച കുഞ്ഞിക്കൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേ സമയം നഷ്ടപരിഹാരം എന്ന ആവശ്യം ആദ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ലെങ്കിലും സംഘര്‍ഷം ശമിക്കാതെ വന്നതോടെ ആവശ്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കടുവയുടെ ആക്രമണമുണ്ടായത് വനത്തിനകത്ത് നിന്നാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുഞ്ഞിക്കൃഷ്ണന്‍ തന്റെ ആടുകളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു. ഈ സമയമാണ് കടുവയുടെ ആക്രമണമുണ്ടായതെന്ന് കരുതുന്നു. 

വര്‍ഷങ്ങളായി പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍, വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനങ്ങളൊന്നും ഇതുവരെയായും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona