നേന്ത്രക്കായുടെ വില കൂപ്പുകുത്തിയതോടെ കിലോയ്ക്ക് 25 രൂപ താങ്ങുവില നല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇതുപ്രകാരം അതത് കൃഷി ഭവനുകളില്‍ കര്‍ഷകര്‍ അപേക്ഷ നല്‍കിയശേഷം നേന്ത്രക്കായ ജില്ലയിലെ സര്‍ക്കാര്‍ സംഭരണ കേന്ദ്രത്തിലെത്തിക്കണം. 

കല്‍പ്പറ്റ: കര്‍ണാടകയില്‍ നിന്ന് വാഴക്കുല എത്തിച്ച് വയനാട്ടിലെ നേന്ത്രക്കായ സംഭരണം അട്ടിമറിക്കുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍. ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വില തകര്‍ച്ചയാണ് വാഴകൃഷി മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പച്ചക്കായ കിലോക്ക് പത്ത് രൂപ കര്‍ഷകന് കിട്ടിയാല്‍ ആശ്വാസമെന്നതാണ് അവസ്ഥ. എന്നാല്‍ വാഴപ്പഴത്തിന്റെ ചില്ലറ വില്‍പ്പന വില ഇപ്പോഴും 35 രൂപക്ക് മുകളിലാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഭരണ കേന്ദ്രങ്ങളാണ് ഈ ചൂഷണത്തെ മറികടക്കാന്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത്. ഇവിടെയാകട്ടെ കര്‍ണാടകയില്‍ നിന്നെത്തിക്കുന്ന നേന്ത്രക്കായ ഇവിടെ കൃഷിചെയ്തതെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി യഥാര്‍ത്ഥ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കർഷകർ പരാതിപെടുന്നു.

നേന്ത്രക്കായയുടെ വില കൂപ്പുകുത്തിയതോടെ കിലോയ്ക്ക് 25 രൂപ താങ്ങുവില നല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇതുപ്രകാരം അതത് കൃഷി ഭവനുകളില്‍ കര്‍ഷകര്‍ അപേക്ഷ നല്‍കിയശേഷം നേന്ത്രക്കായ ജില്ലയിലെ സര്‍ക്കാര്‍ സംഭരണ കേന്ദ്രത്തിലെത്തിക്കണം. എന്നാല്‍ പുല്‍പ്പള്ളിക്കടുത്ത മുള്ളന്‍കൊല്ലി പഞ്ചായത്ത് പരിധിയില്‍ പദ്ധതിയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കര്‍ഷകരുടെ പരാതി. കര്‍ണാടകയില്‍ കിലോയ്ക്ക് എട്ട് മുതല്‍ പത്ത് രൂപവരെ നല്‍കി വാങ്ങുന്ന നേന്ത്രക്കായയാണ് ഇത്തരത്തില്‍ എത്തിക്കുന്നതെന്നാണ് വിവരം. ഇതിന് പിന്നില്‍ വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

അപേക്ഷകള്‍ പരിഗണിച്ച് ശേഷം കൃഷിയിടം പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധന നടത്താത്തതിനാലാണ് തട്ടിപ്പ് നടക്കുന്നത്. അപേക്ഷ ലഭിച്ചയുടന്‍ ഉദ്യോഗസ്ഥര്‍ കൃഷിയിടം സന്ദര്‍ശിച്ച് തോട്ടത്തിന്റെ ഫോട്ടോ എടുക്കണം. തങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ കായ തന്നെയാണോ കേന്ദ്രത്തിലെത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനാണിത്. എന്നാല്‍ നാട്ടിലെ ചില കര്‍ഷകരെ സ്വാധീനിച്ച് കര്‍ണാടകയിലെ കുടകിലും മറ്റും അമിത രാസവള പ്രയോഗത്തില്‍ കൃഷിചെയ്ത നേന്ത്രക്കായ സംഭരണ കേന്ദ്രത്തിലെത്തിക്കുകയാണ്.

രണ്ട് ദിവസം മുമ്പ് വരെ 250 ടണ്ണോളം നേന്ത്രക്കായയാണ് പദ്ധതിപ്രകാരം ജില്ലയില്‍ സംഭരിച്ചത്. ഇതില്‍ 15 ടണ്‍ മറ്റ് ജില്ലകളിലേക്ക് കയറ്റി അയച്ചു. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്നീടാണ് തുക എത്തുക. സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം തടയാന്‍ സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ട സമയത്താണ് പദ്ധതി യഥാര്‍ഥ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാതെ പോകുന്നത്. അതേസമയം കര്‍ണാടകയില്‍നിന്ന് നേന്ത്രക്കായ ഇവിടെയെത്തിച്ച് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കര്‍ഷകരില്‍നിന്ന് അപേക്ഷ സ്വീകരിച്ച ശേഷം കൃഷിയിടങ്ങളിലെത്തി പരിശോധന നടത്താറുണ്ടെന്നും മുള്ളന്‍കൊല്ലി കൃഷി ഓഫീസര്‍ എം എസ് അജില്‍ അറിയിച്ചു.