വയനാട്: വയനാട്ടിലെ സൂര്യകാന്തി കര്‍ഷകരെ കണ്ണീരിലാഴ്ത്തി വേനല്‍മഴ. തുടര്‍ച്ചയായി പെയ്ത മഴയില്‍ പാടങ്ങളില്‍ വെള്ളംകെട്ടിനിന്നതോടെ  വിളകള്‍ മൂപ്പെത്താതെ നശിക്കുകയാണ്. വിത്തുകള്‍ മൂപ്പെത്തിയാല്‍ മാത്രമെ ഇവ വിളവെടുത്ത് വരുമാനമുണ്ടാക്കാനാകൂ. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിളവെടുക്കേണ്ടിയിരുന്നത്. 

സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കര്‍ണാടകയിലേത് പോലെ സൂര്യകാന്തി കൃഷിയിറക്കിയിരുന്നത്. പലരും ഒരേക്കര്‍ സ്ഥലത്ത് വരെ  കൃഷി ഒരുക്കി. പൂവിരഞ്ഞതോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍  അഭിനന്ദനങ്ങളുമായി എത്തി. എന്നാല്‍ വേനല്‍മഴ ശക്തമായതോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. 

നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കരയില്‍ മാത്തൂര്‍ക്കുളങ്ങര സുനില്‍ അരയേക്കറിലാണ് സൂര്യകാന്തി കൃഷിയിറക്കിയത്. സാധാരണ മൂന്നുമാസം കൊണ്ട് വിത്തുകള്‍ പാകമാകും. പക്ഷേ മഴ പെയ്തത് കൃഷിയെ ബാധിച്ചു. വിളവെടുക്കുന്നതിന് തൊട്ടുമുന്‍പാണ് കനത്ത മഴപെയ്തത്. പാടത്ത് വെള്ളം കെട്ടിനിന്നത് പൂവിന്‍റെ വളര്‍ച്ചയെ ബാധിച്ചു. വിത്തുകള്‍ ശരിയായി മൂപ്പെത്തിയാല്‍ മാത്രമെ നല്ല വില ലഭിക്കൂ.  നിലവില്‍ 40 രൂപവരെയാണ് കിലോക്ക് ലഭിക്കുന്നത്.

 ഒരു കിലോ വിത്ത് സംസ്‌കരിച്ചാല്‍ 400 മില്ലിലിറ്റര്‍ എണ്ണ ലഭിക്കും. കര്‍ണാടകയാണ് സൂര്യകാന്തിയുടെ വിപണി. മുമ്പ് കര്‍ണാടകയിലെ കര്‍ഷകര്‍ കൈയ്യടക്കിയിരുന്ന സൂര്യകാന്തി കൃഷി മെല്ലെയാണെങ്കിലും വയനാടന്‍ പാടങ്ങളിലും തുടങ്ങിയിട്ടുണ്ട്.  നെല്ല്, കുരുമുളക് ഉള്‍പ്പെടെയുള്ള വിളകള്‍ നഷ്ടമായതോടെയാണ് കര്‍ഷകര്‍ പുതിയ പരീക്ഷണങ്ങളിലേക്ക് തിരിയുന്നത്.


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.