മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി കര്‍ഷകര്‍
വൻകിട കയ്യേറ്റങ്ങൾ ഒഴിവാക്കി കർഷകരുടെ ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുക്കുന്നു എന്ന് ആരോപിച്ചാണ് ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.

ചിന്നക്കനാല്‍: മൂന്നാർ ദൗത്യത്തിന് തുടക്കം കുറിച്ച റവന്യൂ വകുപ്പ് ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി സിങ്കുകണ്ടത്തെ കർഷകർ. ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സിങ്ക് കണ്ടത്ത് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധം തുടരുമെന്നും കർഷകർ അറിയിച്ചു.
ചിന്നക്കനാൽ സിങ്ക് കണ്ടത്ത് കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് മൂന്നാർ ദൗത്യത്തിനെതിരേ പ്രതിഷേധം ശക്തമാക്കി കർഷകർ രംഗത്തെത്തിയത്. വൻകിട കയ്യേറ്റങ്ങൾ ഒഴിവാക്കി കർഷകരുടെ ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുക്കുന്നു എന്ന് ആരോപിച്ചാണ് ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. സമിതി യോഗം ചേർന്ന് തുടർ സമരങ്ങൾക്ക് രൂപം നൽകി. പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ച് സിങ്ക് കണ്ടത്ത് കർഷകർ പന്തംകൊളുത്തി പ്രകടനം നടത്തി.
വരുന്ന ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഭൂ സംരക്ഷണ സമിതി വ്യക്തമാക്കി. വില്ലേജ് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുവാൻ ആണ് കർഷകരുടെ തീരുമാനം. ഭരണ പ്രതിപക്ഷ പാർട്ടികളുടെ പ്രാദേശിക നേതൃത്വം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. 33 അനധികൃത കയ്യേറ്റങ്ങളാണ് ചിന്നക്കനാൽ വില്ലേജിൽ റവന്യൂ വകുപ്പിന്റെ പട്ടികയിൽ ഉള്ളത്. ഈ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം ഇടുക്കിയില്‍ കൂടുതല്‍ കയ്യേറ്റമൊഴിപ്പിച്ച് സര്‍ക്കാര്‍. ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമി തിരിച്ച് പിടിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി സർക്കാര്‍ ഭൂമിയെന്ന് വിധിച്ചതിനെതിരെ ഉടമകളായ വർക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിച്ച കോടതി വാദം കേട്ട ശേഷം ഒക്ടോബര്‍ 6 ന് തള്ളി. ഇതുമായി ബന്ധപെട്ട മുഴുവന്‍ അപ്പിലുകളും തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടർന്നാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിലെ കെട്ടിടവും അനുബന്ധ ഭൂമിയും സീല്‍ വെച്ച് സര്‍ക്കാർ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്. ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്.
ഇടുക്കിയിലെ ഉടുമ്പൻചോല, ദേവികുളം എന്നീ താലൂക്കുകളിലായി 229.76 ഏക്കർ കയ്യേറ്റ ഭൂമിയും റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ഒഴിപ്പിക്കൽ നടപടികൾ സംബന്ധിച്ച് ദൗത്യ സംഘത്തലവനായ ജില്ല കളക്ടർ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാർ കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതിയുടം പ്രത്യേക ബഞ്ച് 24 – ന് ജില്ല കളക്ടറോട് ഓൺലൈനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കൽ തുടരാനാണ് ദൗത്യ സംഘത്തിൻറെ തീരുമാനം. നിയമപരമായ നടപടികളെല്ലാേ പൂർത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇതിനുള്ള നടപടികളാണ് വരും ദിവസങ്ങളിൽ നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...