ഇടുക്കി: മൂന്നാറില്‍ കൊവിഡ് പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രക്ഷനേടാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഏറ്റെടുത്ത തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളില്‍ കാര്‍ഷിക വിളകള്‍ സമൃദ്ധിയായി വിളയുകയാണ്. ക്യാരറ്റും ബീട്രൂറ്റും മൊട്ടക്കോസും ബട്ടര്‍ ബീന്‍സും മുരിങ്ങ ബീന്‍സുമെല്ലാം മൂന്നാറിലെ തൊഴിലാളികളുടെ തോട്ടങ്ങളില്‍ സുലഭം. മൂന്നാര്‍ ദേവികുളം പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിഭവനുകള്‍ മുഖാന്തരം വിതരണം ചെയ്ത വിളകളാണ് കര്‍ഷകര്‍ക്ക് തുണയായത്. 

മൂന്നാറില്‍ നിന്നും അന്യംനിന്നുപോയ റാഗി ക്യഷിയും സവോള ക്യഷിയുമടക്കം കൃഷിവകുപ്പിന്റെ നേത്യത്വത്തില്‍ മടക്കികൊണ്ടുവരാന്‍ അധിക്യതര്‍ക്ക് കഴിഞ്ഞു. വട്ടവടയെ മാത്രം ആശ്രയിച്ചിരുന്ന ഹോട്ടിക്കോര്‍പ്പില്‍ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് പച്ചക്കറികളാണ് ദിനേനെ എത്തുന്നത്. ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് കൃഷിവകുപ്പ് കൈത്താങ്ങായി നിന്നതാണ് മൂന്നാറില്‍ ഇത്രയധികം കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ കാരണം. 

മൂന്നാര്‍ കൃഷി ഓഫീസര്‍ ഗ്രീഷ്മയുടെ നേതൃത്വത്തില്‍ വന്യമൃങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ നിരീക്ഷണ ലൈറ്റുകളടക്കം സ്ഥാപിച്ചു. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുകിടക്കുന്ന എസ്‌റ്റേറ്റുകളില്‍ ഇത്തരം സംവിധാനങ്ങള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി. മാട്ടുപ്പെട്ടി, ചിറ്റിവാര, ചെണ്ടുവാര, കുണ്ടള, അരുവിക്കാട് മേഖലകളില്‍ തരിശായിക്കിടന്ന ഏക്കറുകണക്കിന് ഭൂമിയില്‍ തൊഴിലാളികള്‍ ക്യഷിയിറക്കി. കാന്തല്ലൂരില്‍ പി പളനിവേലിന്റെ നേതൃത്വത്തില്‍ ഇരുപത് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കി. ലക്ഷ്മിയും ഇത്തരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ക്യഷി നടക്കുകയാണ്. 

ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് താലൂക്കിലുടനീളം കര്‍ഷകര്‍ ഒറ്റക്കെട്ടോടെ ക്യഷി ചെയ്യുന്നത്. മൂന്നാറിന്റെ തനതായ ഫാഷന്‍ ഫ്രൂട്ടും, ചീമ കത്തിരിക്കയുമെല്ലാം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയമാണ്. മൂന്നുതരം ഫാഷന്‍ ഫ്രൂട്ടാണ് മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളില്‍ വിളയുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമികള്‍കൂടി സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക വിളകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.

കരിങ്കല്ലത്താണിയിൽ മണ്ണുമാന്തിയന്ത്രം നിയന്ത്രണംവിട്ടു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്