പിടിയിലാകുമ്പോൾ അരുൺ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി

കൊച്ചി: 38.13 ഗ്രാം രാസലഹരി കൈവശംവെച്ച ഫാഷൻ ഫോട്ടോഗ്രഫറെ എറണാകുളം എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടി പുതക്കുഴിയിൽ വീട്ടിൽ അരുൺ കെ. നായർ (34) ആണ് കാക്കനാട് പിടിയിലായത്. കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.അരുണിൽനിന്ന് 15 ലക്ഷത്തിലധികം രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. കാറിനുള്ളിലെ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. പിടിയിലാകുമ്പോൾ അരുൺ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി.കോഴിക്കോട് സ്വദേശി ഉബൈദാണ് അരുണിന് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി. സിനിമാ മേഖലയിലുള്ളവർക്കും അരുൺ ലഹരി വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സതീഷ് അറിയിച്ചു.

യുവാക്കളെയും വിദ്യാർഥികളെയുമാണ് അരുൺ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് പറഞ്ഞു. കാക്കനാട്ടെ ആഡംബര ഹോട്ടലിലായിരുന്നു ഇയാളുടെ താമസം. ഡൽഹിയിൽനിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും എത്തിച്ചിരുന്ന ലഹരിമരുന്ന് ഗ്രാമിന് 3,000 രൂപയ്ക്കാണ് വിറ്റിരുന്നത്. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നും എക്സൈസ് അറിയിച്ചു. എറണാകുളം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം