ഇടുക്കിയില്‍ ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്; അപകടം വീടിനുള്ളിൽ ഇരിക്കുമ്പോള്‍
ഇരുവരെയും തേനി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു

ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്. തേർഡ്ക്യാമ്പ് മൂലശ്ശേരിൽ സുനിൽ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
പാമ്പാടിയിലെ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേർഡ്ക്യാമ്പിലെ വീട്ടിൽ എത്തിയ സമയത്താണ് അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സുനിലിനും മകൻ ശ്രീനാഥിനുമാണ് ഇടിമിന്നലിൽ പരിക്കേറ്റത്. മിന്നലിൽ തലയ്ക്കും കാലിനും മുറിവുകളേറ്റ സുനിലിനെയും മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടുകൂടി അതിർത്തി മേഖലയിൽ ഇടിമിന്നലോട് കൂടി അതിശക്തമായ മഴയാണ് ഉണ്ടായത്. കരുണാപുരം, കൂട്ടാർ, തേർഡ്ക്യാമ്പ്, രാമക്കൽമേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പൻചോല തുടങ്ങിയ മേഖലകളിൽ എല്ലാം നാല് മണിക്കൂറോളം അതിശക്തമായ മഴ പെയ്തു. മഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നെടുങ്കണ്ടം എഴുകുംവയലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ഹരിപ്പാട് ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും കുടുംബവും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി ജോസഫിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്.
വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിന് പിന്നാലെയാണ് സംഭവം. വീട്ടിൽ പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വയോധികയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസിക്കുന്നത്. അടുത്ത വീട്ടില്‍ താമസിക്കുന്ന മകളും സംഭവം നടക്കുമ്പോള്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വീടിന് കേടുപാട് സംഭവിച്ചു. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം