ആലപ്പുഴ: ദേശീയപാതയിൽ കളപ്പുരയിൽ ഇന്ന് ഉച്ചയ്ക്ക് ലോറിയും ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വാടക്കൽ രണ്ടാം വാർഡിൽ കെ.ബാബു (58), അജിത് ബാബു (27) എന്നിവരാണ് മരിച്ചത്. പൂച്ചയെ കണ്ട് ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നാലെ വന്ന ട്രാവലർ ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്ന‌ു. 

ലോറിക്കും ട്രാവലറിനും ഇടയിൽ ഇരുവരും അകപ്പെടുകയും ശേഷം ലോറിക്ക് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻഭാഗവും പൂർണമായും തകർന്നു. റോഡിൽ നിന്നവർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. 

അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയാരുന്നു ഇരുവരും എന്ന് പൊലീസ് അറിയിച്ചു. അജിത് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും ബാബു ആശുപത്രിയിൽ എത്തിയതിനു ശേഷവുമാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിയിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലും ജോലി ചെയ്യുകയായിരുന്നു.