അമ്മയെ വഴക്കു പറയുന്നത് കേട്ട് മകനായ അഭിജിത്ത് ചോദിച്ചതിലുള്ള വിരോധം വെച്ച് ഇറച്ചി വെട്ടുകാരനായ സജീവന്‍ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് അഭിജിത്തിന് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു

തൃശൂര്‍: മകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിന് 5 വര്‍ഷം ഒരു മാസം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ. പേരാമംഗലം പെരിങ്ങന്നൂര്‍ സ്വദേശി കോരമ്പില്‍ അഭിജിത്ത് (31) നെ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അഭിജിത്തിന്റെ അച്ഛനും കേസിലെ പ്രതിയുമായ പേരാമംഗലം പെരിങ്ങന്നൂര്‍ കോരമ്പില്‍ വീട്ടില്‍ സജീവന്‍ (61) ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2021 സെപ്റ്റംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം.

സ്ഥിരം മദ്യപാനിയായ സജീവന്‍ ഭാര്യ പാര്‍വതിയെ വഴക്കുപറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സംഭവ ദിവസം മദ്യപിച്ചു വന്ന പിതാവ് അമ്മയെ വഴക്കു പറയുന്നത് കേട്ട് മകനായ അഭിജിത്ത് ചോദിച്ചതിലുള്ള വിരോധം വെച്ച് ഇറച്ചി വെട്ടുകാരനായ സജീവന്‍ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് അഭിജിത്തിന് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ട് കൊണ്ട് ചോരയില്‍ കുളിച്ച് അഭിജിത്ത് പ്രാണരക്ഷാര്‍ത്ഥം വീടിനു പുറത്തേക്ക് ഓടുകയും, തുടര്‍ന്ന് ഓടിവന്ന നാട്ടുകാരും, അമ്മയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതിനാല്‍ ജീവന്‍ രക്ഷിക്കാനായി. പിഴ സംഖ്യ പരുക്കേറ്റ അഭിജിത്തിന് നല്‍കുന്നതിന് വിധിയില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്.

പ്രോസിക്യൂഷന്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. പേരാമംഗലം പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സുധീര്‍ ബാബു മൊഴിയെടുത്ത കേസില്‍ പേരാമംഗലം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഡി. ശ്രീജിത്ത്‌കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ആര്‍. രജിത്കുമാര്‍ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം