കോഴിക്കോട് കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ മാറാട് സ്വദേശികളുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും അഞ്ച് പേരുടെ നില ഗുരുതരമാവുകയും ചെയ്തു.

കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

കൂടരഞ്ഞി - കക്കാടംപൊയിൽ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റ 7 പേരിൽ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേർക്ക് കാര്യമായ പരിക്കുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.