മൂന്നാര്‍: അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരൻ, അമ്മ കോണ്‍ഗ്രസ് അനുഭാവിയും എന്നാൽ മകള്‍ മത്സരിക്കുന്നത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി. തോട്ടംമേഖലയില്‍ വേരുറപ്പിക്കാന്‍ എന്‍ഡിഎ ശ്രമം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആദ്യകാലങ്ങളില്‍ തൊഴിലാളികളെ പലരെയും സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ കാലം മാറിയതോടെ തോട്ടംതൊഴിലാളികളുടെ കോലവും മാറുകയാണ്. 

മൂന്നാറിലെ വിവിധ എസ്‌റ്റേറ്റുകളില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയുണ്ട് . ഇടതുമുന്നണിയിലും കോണ്‍ഗ്രസിലും വര്‍ഷങ്ങളായി നില്‍ക്കുന്നവരല്ല മറിച്ച് അവരുടെ കുടുംബത്തിലെ യുവതലമുറയാണ് സ്ഥാനാര്‍ത്ഥികളില്‍ ഏറെയും. അത്തരം സ്ഥാനാര്‍ത്ഥിയാണ് നെറ്റിക്കിടി ഡിവിഷനിലെ അനുപ്രിയ (22). തോട്ടംമേഖലയിലെ നെറ്റിക്കുടി ഡൂഡാര്‍വിള എസ്‌റ്റേറ്റില്‍ 14ാം വാര്‍ഡിലാണ് യുവതി മത്സരിക്കുന്നത്. ഏഴുവരെ മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളിലും തുടര്‍ന്ന് ചെന്നൈയില്‍ ബിഎസ്‍സി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

കൊവിഡിന്റെ പശ്ചാതലത്തിലാണ് എസ്റ്റേറ്റിലെത്തുന്നത്. ഇരുമുന്നണികളുടെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി. വിദ്യാഭ്യാസം ഏറെയുണ്ടെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനം ലഭിക്കാന്‍ കാലതാമസം നേരിടുമെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ലോകത്തെ തിരിച്ചറിയണമെന്ന ആഗ്രഹമാണ് രാഷ്ട്രീയം തിരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. കുഞ്ഞുനാളില്‍ പാര്‍ട്ടിപ്രവര്‍ത്തനം ഇഷ്ടമായിരുന്നു. ഇപ്പോള്‍ പഠനം പൂർത്തിയായി ആ വഴിതന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപ്രിയ പറയുന്നു. 

ഇടതമുന്നണിയുടെ കോട്ടയായ നെറ്റിക്കിടി ഇത്തവണ എന്‍ഡിഎക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നത്. തന്റെ ആദ്യത്തെ കന്നിവോട്ട് തനിക്കുതന്നെ ഇടാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. മതാപിതാക്കളായ മുരുകയ്യ-ലക്ഷ്മി ദമ്പതികള്‍ കുട്ടിയുടെ ആഗ്രഹത്തിന് എതിരല്ല. പലവിധ എതിര്‍പ്പുകളുണ്ടെങ്കിലും മകളുടെ ആഗ്രഹം നടക്കട്ടെയെന്നും അവര്‍ പറയുന്നു.