മഹാത്മാഗാന്ധി സർവകലാശാലാ പരീക്ഷയിൽ ഹുസൈൻ എ പ്ലസ് നേടിയപ്പോൾ മകൾ ഫൗസിയ രണ്ടാം റാങ്കും കരസ്ഥമാക്കി.
കൊച്ചി: 30 വർഷത്തെ അധ്യാപനത്തിന് ശേഷമാണ് മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പെരുമ്പാട്ട് വീട്ടിൽ പിഎസ് ഹുസൈൻ വിരമിക്കുന്നത്. റിട്ടയർമെന്റ് ആസ്വദിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് അധികമാരും തിരഞ്ഞെടുക്കാത്ത വഴിയും. വിരമിക്കലിന് ശേഷം മക്കളെ നോക്കി വീട്ടിലിരിക്കുന്ന മാതാപിതാക്കളുടെ അനുഭവത്തിൽ നിന്ന് വ്യത്യസ്തമാണ് ഹുസൈന്റെ വിരമിക്കൽ ജീവിതം. മകൾക്കൊപ്പം പഠിക്കാനാണ് ഹുസൈൻ പോയത്. മകൾക്കൊപ്പം മുവാറ്റുപുഴ ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷനിൽ എംഎഡ് പഠിച്ചു. ഒരേ ക്ലാസ്സിലിരുന്ന് മത്സരിച്ച് പഠിച്ചവർ മികച്ച വിജയം നേടിയാണ് ഇറങ്ങിയതും. മഹാത്മാഗാന്ധി സർവകലാശാലാ പരീക്ഷയിൽ ഹുസൈൻ എ പ്ലസ് നേടിയപ്പോൾ മകൾ ഫൗസിയ രണ്ടാം റാങ്കും കരസ്ഥമാക്കി. 30 വർഷത്തെ അധ്യാപന സേവനത്തിന് ശേഷം ചെറുവട്ടൂർ ഗവ. ടിടിഐയിൽ നിന്നാണ് ഹുസൈൻ വിരമിച്ചത്.
മകൾക്കൊപ്പം വീണ്ടും വിദ്യാർഥിയായി ഒരേ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവ ഭാഗ്യമായാണെന്ന് ഹുസൈൻ പറയുന്നു. ഹുസൈന്റെ ഭാര്യ റഹീമാബീവി പായിപ്ര ഗവ. യു പി സ്കൂളിലെ പ്രധാന അധ്യാപികയാണ്. ഫൗസിയയുടെ ഭർത്താവ് ജാസിർ മഴുവന്നൂർ ഗ്രാമ പഞ്ചായത്തിൽ ക്ലാർക്കായി സേവനമനുഷ്ഠിക്കുകയാണ്. മകൻ അദ്നാൻ കോതമംഗലം എംഎ എൻജിനിയറിങ് കോളേജിൽ ബിടെക് വിദ്യാർഥിയാണ്. മൂത്ത മകൾ ഫാരിസയുടെ ഭർത്താവ് അജ്മൽ കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ അധ്യാപകനാണ്. ഫൗസിയയും ഫാരിസയും ബിഎഡ് പഠനം പൂർത്തിയാക്കിയത് ശ്രീനാരായണ കോളേജിലായിരുന്നു.


