ഷെബിന്റെ ഭാര്യ തസ്‌നിയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് ഷെബിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. മരണത്തെ തുടര്‍ന്ന് കുട്ടി തസ്‌നിയുടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു

ചേര്‍ത്തല: കുടുംബകോടതി നിബന്ധനകളോടെ കാണാനനുവദിച്ച മകനുമായി അച്ഛന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍. സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും കുട്ടിയെയും പിതാവിനെയും കണ്ടെത്താനാകാത്തത് പൊലീസിന്റെ ഒത്തുകളിയാണെന്നാണ് ആരോപണം.

മുട്ടത്തിപറമ്പ് വാരണം പുത്തേഴത്തുവെളി ഷെബിനെതിരെയാണ് സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തിരുക്കുന്നത്. ഷെബിന്റെ ഭാര്യ തസ്‌നിയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് ഷെബിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. മരണത്തെ തുടര്‍ന്ന് കുട്ടി തസ്‌നിയുടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.

ഇതില്‍ റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ ഷെബിന്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് നിബന്ധനകളോടെ ഇയാളെ കുട്ടിയെ കാണാന്‍ കുടുംബകോടതി അനുവദിച്ചത്. ഫെബ്രുവരി ഒമ്പതിനു കുട്ടിയെ കാണാനെത്തിയ ഷെബിന്‍ കുട്ടിയുമായി കടക്കുകയായിരുന്നുവെന്നാണ് പരാതി.

ഇതിനെതുടര്‍ന്നു നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുടുംബകോടതി നിര്‍ദ്ദേശിക്കുകയും പൊലീസില്‍ പലതരത്തില്‍ നേരിട്ടും പരാതികള്‍ നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് തസ്‌നിയുടെ മാതാപിതാക്കളായ കുഞ്ഞുമോന്‍, നെജീന എന്നിവര്‍ പറഞ്ഞു. കുട്ടിയെ വച്ച് വിലപേശി ക്രിമിനല്‍ കേസില്‍നിന്ന് തലയൂരാനുള്ള നീക്കമാണോയെന്ന് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.