പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
കഴക്കൂട്ടം: പ്രായപൂർത്തിയാവാത്തവർ മൂലം വാഹനാപകടങ്ങൾ പതിവായിട്ടും റോഡിലെ അപകടക്കളി തുടരുന്നു. മൂന്നോ നാലോ പ്രായമുള്ള കുട്ടിയെ ഉപയോഗിച്ച് സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിച്ച് രക്ഷിതാക്കൾ. ഡ്രൈവർ സീറ്റിൽ അച്ഛന്റെ മടിയിൽ ഇരുന്ന് പിഞ്ചുകുഞ്ഞിന്റെ ഡ്രൈവിംഗ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കുട്ടി സ്റ്റിയറിംഗ് പിടിച്ച് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 80-100 കിലോമീറ്റർ വേഗതയിലാണ് ഈ അപകടപ്പാച്ചിൽ. സമീപത്ത് കൂടി വന്ന കാറിലുള്ളവർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ വന്നതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയാണ്. പതിനേഴുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടും മുൻപാണ് സംഭവം. കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ ദൃശ്യം പകർത്തിയത്.

അധിക വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് സംഭവം. കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് വീഡിയോ എടുത്തതെന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തി പ്രതികരിക്കുന്നത്. അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈ ഓവറിലാണ് അപകടക്കളി.







