ചാത്തന്നൂര്‍: മകളുടെ വിവാഹ ദിവസം അച്ഛൻ കുടുംബവീട്ടിൽ ജീവനൊടുക്കി. ഉളിയനാട് ഡീസന്റ് ജംക്‌ഷനു സമീപം പ്രസാദ് ഭവനിൽ ബി.ശിവപ്രസാദിനെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് സംശയം. ഇദ്ദേഹത്തിന്റെ മകൾ നീതുവിന്റെ വിവാഹമായിരുന്നു ഇന്നലെ.

നൽകാനാഗ്രഹിച്ച സ്വർണമില്ലാതെ മകൾ കതിർമണ്ഡപത്തിലേക്ക് കയറുന്നതു കാണാൻ സാധിക്കാത്തത് കൊണ്ടാണ് ജീവിതം അവസാനിപ്പിച്ചതെന്ന് കരുതുന്നു. വീടും പുരയിടവും വിറ്റ് മകളുടെ വിവാഹം നടത്താനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന കടം വീട്ടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.  ചാത്തന്നൂരിലെ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ കുടിശിക ആയതോടെ വീട്ടിലേക്ക് ബാങ്കിൽ നിന്നു നോട്ടിസ് അയച്ചിരുന്നു. ആഴ്ചകൾക്ക് മുൻപു ബാങ്ക് അധികൃതർ വീട്ടിൽ എത്തിയിരുന്നു.

ചിറക്കരത്താഴത്ത് ഇന്നലെ പുലർച്ചെ 5.30നു കുളിക്കാൻ പോയ ശിവപ്രസാദിനെ ഏറെ നേരം കഴിഞ്ഞും കാണാതെ വന്നതോടെയാണ് തിരച്ചിൽ നടത്തിയത്. കുടുംബവീട്ടിൽ ശിവപ്രസാദിന്റെ ബൈക്ക് കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിൽ ഈ വീടിനകത്ത് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്വർണത്തിനു കുറവുണ്ടെങ്കിലും വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നൽകിയിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിന്റെ മരണ വിവരം പുറത്തറിയിക്കാതെ മകളുടെ താലികെട്ട് നടത്തുകയായിരുന്നു. താലികെട്ട് കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടത്.  നീതുവിനെ പൂതക്കുളം പുന്നേക്കുളം സ്വദേശിയായ ആർ.എസ്.ബിജുവാണു വിവാഹം ചെയ്തത്.