കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പനിബാധിച്ച കുഞ്ഞിന് ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് ലൈവിട്ട പിതാവ് റിമാന്‍ഡില്‍.  ഉള്ളിയേരി സ്വദേശി ഷൈജുവിനെ നാദാപുരം സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഡോക്ടറുടെ പരാതിയെത്തുടര്‍ന്നാണ് ഷൈജുവിനെ ഉളളിയേരി പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

മകന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടാം തിയ്യതിയാണ് ഷൈജുവും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. വൈകീട്ട് 3.40ഓടെ ഓപി ടിക്കെറ്റെടുത്ത് ക്യൂ നിന്നു. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാർ ചില രോഗികളെ ക്യൂവിൽ നിർത്താതെ കയറ്റി വിട്ടു. മറ്റുളളവര്‍ ഇത് ചോദ്യം ചെയ്തതോടെ തർക്കമായി. ഈ സംഭവമാണ് ഷൈജു ഫെയ്സ് ബുക്കിലൂടെ ലൈവായി നല്‍കിയത്.

സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷൈജുവിന്‍റെ വീട്ടിൽ പൊലീസ് എത്തുന്നത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം സ്റ്റേഷനിലെത്തിയ ഷൈജുവിനെ അതിക്രമിച്ച് കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അനുമതി ഇല്ലാതെ വീഡിയോ പകർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രൂപയുടെ പരാതിയിലാണ് നടപടി. 

എന്നാല്‍ ഇത്തരത്തിലുളള അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഷൈജുവിന്‍റെ ഭാര്യ സിന്ധു പറയുന്നു. നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും ആശുപത്രിയിലേക്ക് പ്രകടനം നടത്തി.