സുഹൃത്തുക്കൾക്കൊപ്പമാണ് വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിനു പോയത്. തിരികെ ഹാർബറിനുള്ളിലെത്തിയ നേരം ശാരീരിക അസ്വാസ്ഥ്യമുണ്ടായി കടലിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി എം രാജേഷ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12- ഓടെ വിഴിഞ്ഞം ഹാർബറിലായിരുന്നു സംഭവം. സുഹൃത്തുകളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപിച്ച, നായകം എന്നിവർക്കൊപ്പമാണ് രാജേഷ് വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിനു പോയത്. തിരികെ ഹാർബറിനുള്ളിലെത്തിയ നേരം ശാരീരിക അസ്വാസ്ഥ്യമുണ്ടായി കടലിലേക്ക് വീഴുകയായിരുന്നു. എൻജിൻ നിയന്ത്രിച്ചിരുന്നത് രാജേഷ് ആയിരുന്നു. മുങ്ങൽ വിദഗ്ധരായ കോസ്റ്റൽ വാർഡൻമാരെത്തി പുറത്തെത്തിച്ചു. തുടർന്ന് വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


