തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശി സിൽവ്വ പിള്ളയുടെ ഫൈബർ ബോട്ട് കത്തി നശിച്ചു. ബോട്ടിൽ സൂക്ഷിച്ചിരുന്ന തട്ടും മടിയും കൻഗൂസ് വലയും പൂർണമായി കത്തിനശിച്ചു. ഇവ വിഴിഞ്ഞം സ്വദേശി തഥേയൂസിന്റേതാണ്. പുലർച്ചെ 4 മണിയോട് കൂടി കോസ്റ്റൽ പൊലീസാണ് തീ ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ കെടുത്തിയിതിനാൽ വൻ അപകടം ഒഴിവായി. 

ഇതിന് തൊട്ടടുത്ത് 18 ഓളം ബോട്ടുകളും ബോട്ടുകളില്‍ വലയും മറ്റും സൂക്ഷിച്ചിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ ഷെഡിൽ കൂട്ടം കൂടി ഇരുന്ന് മദ്യപാനവും ചീറ്റുകളിയും പതിവാണ്. പല തവണ ഇതിന് തടയിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. 

മത്സ്യബന്ധന തൊഴിലാളികൾ അല്ലാത്തവരാണ് വൈകുന്നേരങ്ങളില്‍ ഇവിടെ തമ്പടിക്കുന്നതെന്ന് ആരോപണം ഉണ്ട്. ഇവരിൽ ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ  സിഗരറ്റിൽ നിന്നാകാം തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നോമാൻസ് ലാൻഡിൽ നടന്ന ഈ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.