ചാരുംമൂട്: ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് അഞ്ചാം ക്ലാസ്സുകാരന്‍. അമ്മയുടെ വീട്ടിൽ വിരുന്നിനു വന്ന പത്തു വയസുകാരനായ കിച്ചാമണി എന്ന അഖിലാണ് അമ്മുമ്മയുടെയും കൈക്കുഞ്ഞടക്കം അഞ്ചുപേരുടെയും ജീവൻ രക്ഷിച്ചത്.

ചുനക്കര, കോമല്ലൂർ പ്രീതാലയം വീട്ടിൽ അമ്മിണി (67) അടുക്കളയിൽ ഗ്യാസ് അടുപ്പ് കത്തിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു. പെട്ടെന്ന് റെഗുലേറ്റർ ഓഫ് ചെയ്തിട്ടും തീ അണഞ്ഞില്ല. അമ്മുമ്മയുടെ നിലവിളികേട്ട് വീടിന്റെ മുമ്പിലിരുന്ന് കളിച്ചു കൊണ്ടിരുന്ന അഖിൽ അടുക്കളയിലേക്ക് ഓടി വരുമ്പോൾ തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉടൻ തന്നെ അടുക്കളയിൽ കിടന്ന തുണി വെള്ളത്തിൽ മുക്കി കത്തി കൊണ്ടിരുന്ന ഗ്യാസ് സിലണ്ടറിന്റെ മുകളിൽ ഇട്ട് തീയണയ്ക്കുകയായിരുന്നു.

മാമന്റെ ഫെയ്സ് ബുക്കിൽ ഫയർ സ്റ്റേഷനിലെ ഫയർമാൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് കണ്ടിരുന്നു. ഈ അറിവാണ് തീയണയ്ക്കാൻ പ്രചോദനമായതെന്ന് കിച്ചാ മണി പറയുന്നു. മുതുകുളം സന്തോഷ് ഭവനത്തിൽ സജിയുടെയും പ്രീതയുടെയും ഇളയ മകനാണ് അഖിൽ. മുതുകുളം എസ്എൻഎംയുപി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.