കോഴിക്കോട് :അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹാജിയര്‍ പള്ളിക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫൈസല്‍ ക്വാര്‍ട്ടേഴ്‌സ് അടച്ചു പൂട്ടി. സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് മലിനജലം പുറത്തേക്ക് പോകുന്നതിനാല്‍ പൊലിസിന്റെ സഹായത്തോടെ തൊഴിലാളികളെ ഒഴിപ്പിച്ചാണ് ക്വാര്‍ട്ടേഴ്‌സ് അടച്ചത്. 

കൊവിഡ് 19 വൈറസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നടത്തിയ സ്ഥലപരിശോധനയില്‍ മലിനജലം പുറത്തേക്ക് പോകുന്നത് കണ്ടെത്തി. തുടര്‍ന്ന് അപാകതകള്‍ പരിഹരിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കി നോട്ടിസ് നല്‍കിയെങ്കിലും ടാങ്കിലെ ചോര്‍ച്ച പരിഹരിക്കാത്തതിനാലാണ് പൊലിസ് സഹായത്തോടെ ക്വാര്‍ട്ടേഴ്‌സ് പൂട്ടിയത്. കൂടാതെ പഞ്ചായത്തിലെ വിവിധ ക്വര്‍ട്ടേഴ്‌സുകളിലും പരിശോധന നടത്തി. 

അപാകതകളുള്ള രണ്ട് ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി കെ ഉഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റീന, ഫാത്തിമ എന്നിവരാണ് ക്വാര്‍ട്ടേഴ്‌സ് പൂട്ടിയത്. കൂടാതെ മാഹി റെയില്‍വെ സ്റ്റേഷന് സമീപത്ത് ബാത്ത് റൂം സൗകര്യമില്ലാത്ത രണ്ട് കെട്ടിടങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നത് തടയുകയും അവര്‍ക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുവാന്‍ കരാറുകാരോട് നിര്‍ദേശിക്കുകയും ചെയ്തു.