ജിദ്ദ എയർപോർട്ടിൽ സൗദി എയർലൈൻസ് ഗ്രൌണ്ട് സർവീസ് കമ്പനിയിൽ ഓപ്പറേറ്റർ ജോലിക്കിടെ ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മനേഷിന്റെ പെട്ടെന്നുള്ള മരണം.

അത്തോളി: ജിദ്ദ എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശിയുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി സ്നേഹ തണൽ വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ( മിഥുൻ - 33 ) ആണ് നവംബർ മാസം മരിച്ചത്. ജിദ്ദ എയർപോർട്ടിൽ സൗദി എയർലൈൻസ് ഗ്രൌണ്ട് സർവീസ് കമ്പനിയിൽ ഓപ്പറേറ്റർ ജോലിക്കിടെ ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മനേഷിന്റെ പെട്ടെന്നുള്ള മരണം.

സൗദി അറേബ്യയിലെ ജിദ്ദ എയർപോർട്ടിലെ സൗദിഎയർലൈൻസ് ഗ്രൌണ്ട് സർവീസ് കമ്പനിയിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെ കൂട്ടായ്മയായ സ്നേഹത്തണൽ വാട്സാപ്പ് ഗ്രൂപ്പ്‌ ആണ് തുക സമാഹരിച്ചത്. രതീഷ് പൊന്നാനി, സുജിത് തിരുവനന്തപുരം, സനു അന്നശ്ശേരി, മുസ്‌തഫ കൊണ്ടോട്ടി, ഷാഫി കാസറഗോഡ്, ഇർഫാൻ മലപ്പുറം, നിർഷാദ് കോഴിക്കോട്, കണ്ണൻ, ബിജു, നസറുദ്ദിൻ തുടങ്ങിയവരാണ് തുക സമാഹരിക്കാൻ നേതൃത്വം നൽകിയത്. ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ്, എംഎൽഎ ജമീല കാനത്തിൽ, വാർഡ് മെമ്പർ, പഞ്ചായത്ത്‌ പ്രസിഡന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സഹായധനം കൈമാറിയത്.

സ്ട്രോക്ക് വന്ന് 10 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു 33കാരന്റെ അന്ത്യം. കൃത്യമായ പ്രാഥമിക ചികിത്സ വൈകിയതും തുടർന്നുള്ള സർജറി വൈകിയതുമാണ് മനേഷ് മരണത്തിന് കീഴടങ്ങാൻ കാരണമെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. 2015 ലാണ് മനേഷിന് ജിദ്ദ എയർപോർട്ടിൽ ജോലി ലഭിക്കുന്നത്. 2 വർഷത്തെ ഇടവേളകളിൽ രണ്ട് തവണ നാട്ടിൽ വന്ന് മൂന്നാം തവണ കൊവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ 1 നാണ് നാട്ടിൽ നിന്നും അതേ കമ്പനിയിൽ ജോലി ഉറപ്പിച്ച് ജിദ്ദയിൽ എത്തുന്നത്.

ഒക്ടോബർ 1 ന് കൂട്ടുകാർക്കൊപ്പം 33 -ാം ജന്മദിനവും ആഘോഷിച്ചാണ് നാട്ടിൽ നിന്നും പോയ യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. കിഴക്കേക്കര മോഹനൻ ആണ് മനേഷിന്റെ അച്ഛൻ. അമ്മ പുഷ്പ. ഭാര്യ അനഘ. ഏക മകൻ വിനായക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം