മാലിന്യ സംസ്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് വിവിധ സ്ഥാപനങ്ങൾക്ക് ജില്ലാ സ്ക്വാഡ് നോട്ടീസ് നൽകി.
ആലപ്പുഴ: പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും, ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാത്തതിനും ജൻ ഔഷധി മെഡിക്കൽ ഷോപ്പിന് 5,000 രൂപ പിഴ. ആലപ്പുഴയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, പുലിയൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. തുടർ ദിവസങ്ങളിൽ സ്ഥലം പരിശോധിച്ച്, നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടൊയെന്ന് ഉറപ്പുവരുത്താൻ സ്ക്വാഡ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.
പുലിയൂർ ഗ്രാമ പഞ്ചായത്തിലെ വില്ലേജ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ. ആയുർവേദ ആശുപത്രി, ഗവ. ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ, ഗവ. ജെ. ബി. എസ് തോന്നക്കാട് ഗവ. യു. പി. എസ് പുലിയൂർ, കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, വെറ്റിനറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ഇതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ. ആയൂർവേദ ആശുപത്രി, കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, ഗവ. യു. പി സ്കൂൾ പുലിയൂർ എന്നിവയ്ക്ക് നോട്ടീസ് നൽകി.
