ആലപ്പുഴ: സ്‌കൂളില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്തതിനെ തുടര്‍ന്ന് വയോധികയ്ക്ക് തീപ്പൊള്ളലേറ്റു. കുട്ടമ്പേരൂര്‍ പുതുശേരിയേത്ത്  കമലമ്മ(84)യ്ക്കാണ് വലതുകാലിന് പൊള്ളലേറ്റത്. കമലമ്മയെ മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. 

തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുട്ടമ്പേരൂര്‍ വിദ്യാപ്രദായനി യോഗം യു പി സ്‌കൂളിലാണ് സംഭവം. പാചകപ്പുരയില്‍ കയറി ചായ തയ്യാറാക്കുന്നതിനായി ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ കത്തിച്ചപ്പോഴേക്കും വന്‍ ശബ്ദത്തോടെ സിലിണ്ടറില്‍ നിന്നും കാലിലേക്ക് തീ പടരുകയായിരുന്നു. വലതുകാലിന്‍റെ മുട്ടിനുതാഴെ പൊള്ളലേറ്റ് നിലത്തു വീണ ഇവരെ മകളും മറ്റ് അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ സിലണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്തപ്പോള്‍  ഏജന്‍സിലെ ജീവനക്കാര്‍ എത്തി ലീക്ക് മാറ്റിയിരുന്നു. ഈ സിലണ്ടറില്‍ നിന്നാണ് വീണ്ടും ലീക്ക് ഉണ്ടായതെന്ന് കമലമ്മ പറഞ്ഞു. 40 വര്‍ഷമായി കുട്ടമ്പേരൂര്‍ വിദ്യാപ്രദായനി യു പി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാചകക്കാരിയാണ് കമലമ്മ. അമ്മയുടെ സഹായിയായി മകള്‍ സുധാമണി (48) യും സ്‌കൂളില്‍ പാചകത്തിനായി എത്തും