ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു.പറമ്പിലുണ്ടായിരുന്ന തെങ്ങിലേക്കും തേക്ക് മരത്തിലേക്കും തീ പടർന്നു കത്തി.
ഹരിപ്പാട് : ആലപ്പുഴയില്‍ ഗ്യാസ് ഗോഡൗണിന് സമീപത്തുണ്ടായ തീപിടുത്തം നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം വൈകുന്നേരം 5.30 ഓടെ അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്.പറമ്പിൻ്റെ ഉടമ കരിയിലകൾ വലിച്ചു കൂട്ടി തീ ഇട്ടതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്.
ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു.പറമ്പിലുണ്ടായിരുന്ന തെങ്ങിലേക്കും തേക്ക് മരത്തിലേക്കും തീ പടർന്നു കത്തി. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികളും നാട്ടുകാരും സമീപത്തെ വീട്ടിൽ നിന്ന് ഹോസ് വഴിയും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലും ബക്കറ്റുകളിലും വെള്ളം കോരി ഒഴിച്ചു തീ കൂടുതൽ പടരാതെ നോക്കുകയും വിവരമറിഞ്ഞ് ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയുമായിരുന്നു.
ഈ സമയത്ത് ഗോഡൗണിനുള്ളിൽ 200 ഓളം നിറ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു.തീ പിടിത്തമുണ്ടായ പറമ്പിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് ഗ്യാസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്, തീ പിടുത്തമുണ്ടായത് പകലായതിനാലും ,നാട്ടുകാരുടെ സമയോചിത ഇടപെടലും കാരണമാണ് വൻ ദുരന്തമൊഴിവായത്. സീനിയർ ഫയർ ആൻറ് സേഫ്റ്റി ഓഫീസർ ജയ്സസൺ പി ജോണിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസന്മാരായ ബിനോയ്, വിശ്വം, ആർ.ഷാജി, അരുൺ, സക്കീർ ഹുസൈൻ, ഹോം ഗാർഡുമാരായ അജയകുമാർ, സഞ്ജയ് എന്നിവരാണ് തീ അണച്ചത്.
ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ച സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍
ഹരിപ്പാട്: ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിയോടുകൂടി രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകും വഴി ബൈക്കിലെത്തി കോയമോൻ വിദഗ്ധമായി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
തിരുവല്ലയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് 18ന് പുലർച്ചെ കോയമോന്‍ രാമപുരത്ത് എത്തിയത്. അതിനുശേഷം ബൈക്ക് തോട്ടപ്പള്ളിയിൽ ഉപേക്ഷിക്കുകയും പിന്നീട് പ്രതിയുടെ സുഹൃത്തായ ബാബുരാജ് എത്തി ബൈക്ക് കൊണ്ടുപോവുകയും തണ്ണീർമുക്കത്ത് ടൂവീലർ വർക്ക് ഷോപ്പിൽ പെയിന്റ് ചെയ്യുന്നതിനായി ഏൽപ്പിച്ചിരിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണം വിൽക്കുന്നത് ബാബുരാജ് ആയിരുന്നു. പുളിങ്കുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചത്തിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബാബുരാജ്.
സ്വർണം വിട്ടുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്. കോയമോൻ ഇപ്പോൾ കരൂരിൽ വാടക വീട്ടിലാണ് താമസം. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നിർദ്ദേശനുസരണം കരീലകുളങ്ങര സർക്കിൾ ഇൻസ്പെക്ടർ സുധിലാലിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
കരീലകുളങ്ങര സബ് ഇൻസ്പെക്ടർ ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
