കോഴിക്കോട്: അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങള്‍ക്കെതിരെ അഗ്നി സുരക്ഷാ വിഭാഗം നടപടി തുടങ്ങി. ആശുപത്രികളടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന നാല്‍പതോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിക്ക് ഇത് മൂന്നാം വട്ടമാണ് അഗ്നി സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കുന്നത്. അഗ്നി ബാധയുണ്ടായാൽ രക്ഷാപ്രവ‍ർത്തന സംവിധാനമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 15 നില കെട്ടിടമാണെങ്കില്‍ കെട്ടിടത്തിന് മുകളില്‍ 10000 മുതല്‍ 20000 ലിറ്റര്‍ വരെ സംഭരണശേഷിയുളള ടാങ്ക് വേണമെന്നാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങളില്‍ പറയുന്നത്. ഫയര്‍ എഞ്ചിനുകള്‍ക്ക് കടന്നുവരാനുളള വഴിയും നിര്‍ബന്ധം. എന്നാല്‍ നഗരത്തിലെ പല ബഹുനില കെട്ടിടങ്ങൾക്കും ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. 

പലവട്ടം തീപ്പിടുത്തമുണ്ടായ മിഠായി തെരുവിന്‍റെ പുറം മോടിയാക്കിയെങ്കിലും തെരുവിനുളളിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ തന്നെയാണ്. ഫയര്‍ എഞ്ചിനുകള്‍ക്ക് കടന്നുവരാനുളള വഴി എവിടെയുമില്ല. ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോര്‍പ്പറേഷനാണെന്ന് അഗ്നി സുരക്ഷാ വിഭാഗം പറയുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുളള റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അറിയിച്ചു.