Asianet News MalayalamAsianet News Malayalam

വഴി തടസ്സപ്പെടുത്തി പാര്‍ക്കിംഗ്; ചോദ്യം ചെയ്ത സി.ഐയെ വ്യോമസേനാ ഉദ്യോഗസ്ഥനും സംഘവും മര്‍ദ്ദിച്ചു

തന്റെ വീട്ടിലേക്ക് പോകാൻ കഴിയാത്ത വിധം കൊണ്ടിട്ട വാഹനം മാറ്റാൻ യഹിയ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായി ആനന്ദും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യഹിയയെ മർദ്ദിക്കുകയായിരുന്നു.  

fire force officer and friends attack circle inspector in front of his house in  vembayam
Author
First Published Dec 21, 2022, 3:05 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വീടിനു മുന്നിൽ വഴി തടസ്സപ്പെടുത്തി വാഹനം കൊണ്ടിട്ടത് ചോദ്യം ചെയ്ത സർക്കിൾ ഇൻസ്പെക്ടറിനാണ് മർദനമേറ്റത്. വെമ്പായം തേക്കട സ്വദേശിയും ആലപ്പുഴ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് എസ്എച്ച്ഒയുമായ യഹിയ്ക്ക് ആണ് മര്‍ദ്ദനമേറ്റത്.  വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സിഐയെ മർദിച്ചത്. തിങ്കളാഴ്ച  രാത്രി 9.30 ന്  വെമ്പായത്തെ തേക്കടി റോയൽ ഓഡിറ്റോറിയത്തിനു സമീപം യഹിയയുടെ വീടിനു മുന്നിലായിരുന്നു സംഭവം.  

സംഭവത്തിൽ ബെംഗളുരുവില്‍ ജോലി ചെയ്യുന്ന വ്യോമസേനാ ഉദ്യോഗസ്ഥനും കുതിരകുളം കൈതറക്കോണം അയോധ്യ വീട്ടില്‍ താമസക്കാരനുമായ എ.ആനന്ദ് ( 26 ), സഹോദരൻ അരവിന്ദ് ( 23 ), വെമ്പായം തേവലക്കാട് എസ്.എസ് ഭവനിൽ എസ്. അനൂപ് ( 23 ), മാണിക്കൽ കൊപ്പം അഖിൽ ഭവനിൽ പി. അഖിൽ ( 23 ), കഴക്കുട്ടം ചന്തവിള തെങ്ങുവിളാകത്തു വീട്ടിൽ ജി. ഗോകുൽകൃഷ്ണൻ ( 23 ) എന്നിവരെ വട്ടപ്പാറ പൊലീസ് പിടികൂടി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ആനന്ദിന്റെ വിവാഹ വാർഷിക ആഘോഷം ഓഡിറ്റോറിയത്തിൽ നടക്കുകയായിരുന്നു. തന്റെ വീട്ടിലേക്ക് പോകാൻ കഴിയാത്ത വിധം കൊണ്ടിട്ട വാഹനം മാറ്റാൻ യഹിയ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായി ആനന്ദും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യഹിയയെ മർദ്ദിക്കുകയായിരുന്നു.  വിവരം അറിഞ്ഞെത്തിയ വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തു നിന്ന് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.  കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തതായി വട്ടപ്പാറ എസ്എച്ച്ഒ എസ്. ശ്രീജിത്ത് പറഞ്ഞു. സംഭവത്തില്‍ വ്യോമ സേനയ്ക്ക് സിഐ പരാതി നല്‍കിയിട്ടുണ്ട്.

Read More : തൊടുപുഴ ഡിവൈഎസ്പി ബൂട്ടിട്ട കാല് കൊണ്ട് മർദ്ദിച്ചെന്ന് പരാതി, നിഷേധിച്ച് പൊലീസ്

Follow Us:
Download App:
  • android
  • ios