വിഴിഞ്ഞം മുല്ലൂർ മേലേ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശാലിനി(36) 35 അടി താഴ്ചയുള്ള കിണറ്റിൽ വീണു. നാട്ടുകാരുടെ ശ്രമം വിഫലമായതിനെ തുടർന്ന് വിഴിഞ്ഞം ഫയർ ഫോഴ്‌സ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം: കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വിഴിഞ്ഞം മുല്ലൂർ മേലേ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശാലിനി(36) ആണ് ഇന്നലെ കാൽവഴുതി വീട്ടുമുറ്റത്തെ 35 അടി താഴ്‌ചയുള്ള കിണറിനുള്ളിൽ വീണത്. കയറിൽ കുരുങ്ങി കിടന്ന യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിയാത്തതിനാൽ വിഴിഞ്ഞം ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. സ്‌റ്റേഷൻ ഓഫിസർ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ‌ ഓഫിസർ ബിനുകുമാർ കിണറ്റിലിറങ്ങി വലയുടെ സഹായത്താൽ വീട്ടമ്മയെ കരയിലെത്തിച്ചു. 

കൈക്ക് പൊട്ടലുണ്ടായ യുവതിയെ പിന്നാലെ ആശുപത്രിയിലെത്തിച്ചു. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ രഞ്ജു കൃഷ്ണൻ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർമാരായ സനൽകുമാർ, രതീഷ്,ദിപിൻ എസ്.സാം, ഹോംഗാർഡ് സുനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.