മഴക്കാലത്ത് അഗ്നിരക്ഷാ സേനയ്ക്ക് പിടിപ്പത് പണിയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കുടുംബങ്ങളെ മാറ്റല്‍, പൊട്ടിവീണ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കല്‍, തോട്ടിലും പുഴയിലും കാണാതായവര്‍ക്കായി തെരച്ചില്‍

കാസർകോട്: മഴക്കാലത്ത് അഗ്നിരക്ഷാ സേനയ്ക്ക് പിടിപ്പത് പണിയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കുടുംബങ്ങളെ മാറ്റല്‍, പൊട്ടിവീണ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കല്‍, തോട്ടിലും പുഴയിലും കാണാതായവര്‍ക്കായി തെരച്ചില്‍... അങ്ങിനെ അങ്ങിനെ. കാസര്‍കോട് തൃക്കരിപ്പൂരിലെ അഗ്നിരക്ഷാ സേനയ്ക്ക് ഇന്ന് ചെറുവത്തൂരില്‍ നിന്ന് ഒരു ഫോണ്‍ കോളെത്തി. 

ഓവുചാലില്‍ വീണ ഗര്‍ഭിണിയെ രക്ഷപ്പെടുത്തണം. വീണത് മനുഷ്യനല്ല പശുവാണ്. മനുഷ്യനായാലും മൃഗമായാലും ജീവന്‍ വിലപ്പെട്ടത്. അഗ്നിരക്ഷാ സേന സ്ഥലത്തേക്ക് കുതിച്ചു. ഗര്‍ഭിണിയായ പശു ഓവുചാലില്‍ വീണ് എഴുനേല്‍ക്കാന്‍ പറ്റാതെ കുടുങ്ങി കിടക്കുകയാണ്. പരിസര വാസികള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പശുവിനെ ചാലില്‍ നിന്ന് എഴുനേല്‍പ്പിക്കാന്‍ പോലുമായിട്ടില്ല.

Read more: അഞ്ച് ദിവസത്തിൽ അരലക്ഷം ത്രിവർണ പതാകകൾ ഒരുങ്ങി, വയനാട്ടിലെ 'ഹര്‍ ഘര്‍ തിരംഗ'

മുണ്ടക്കയത്തെ ഗോവിന്ദന്‍റെ ഉടമസ്ഥതിയില്‍ ഉള്ള പശുവാണ് ഇങ്ങനെ കുടുങ്ങി കിടക്കുന്നത്. വയര്‍ അമര്‍ന്ന് ഇടുങ്ങിയ ഓവുചാലില്‍ അധികം സമയം കിടക്കുന്നത് പശുവിന്‍റെ ജീവനും അപകടം. മിണ്ടാപ്രാണിയെ കയറ്റാനുള്ള അഗ്നിരക്ഷാ സേനയുടെ ആദ്യ ശ്രമങ്ങള്‍ പാളി. ഒടുവില്‍ കാര്യം മനസിലായി. കോണ്‍ക്രീറ്റ് ഓവുചാലിന്‍റെ ഭിത്തി പൊളിക്കാതെ രക്ഷപ്പെടുത്താനാവില്ല. ഓവുചാല്‍ പൊളിക്കണമെങ്കില്‍ അങ്ങനെ. പശുവിനെ രക്ഷപ്പെടുത്തിയേ പറ്റൂ.

Read more: മന്ത്രിയുടെ വാഹനം പോയതിന് പിന്നാലെ താമരശ്ശേരി ചുരത്തിൽ വൻ മരം കടപുഴകി; ഒഴിവായത് വൻ അപകടം

അവസാനം ഡിമോളിഷിംഗ് ഹാമര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ഭിത്തി പൊളിച്ചു. സുരക്ഷിതയായി പശുവിനെ കരയ്ക്ക് കയറ്റി. ഗള്‍ഭസ്ഥ ശിശുവും സുരക്ഷിതം. സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ശ്രീനാഥന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ എം. ശ്രീധരന്‍, ഓഫീസര്‍മാരായ വിഎന്‍ വേണുഗോപാല്‍, എം. നിഖില്‍ബാബു, എസ് അഖില്‍, എസ് വിഷ്ണു, ഇന്ദ്രജിത്ത്, ഹോം ഗാര്‍ഡുമാരായ നരേന്ദ്രന്‍, അനന്ദന്‍, നാരായണന്‍ തുടങ്ങിയവും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു. ഒരു മിണ്ടാപ്രാണിയുടെ ജീവന് രക്ഷിച്ച സന്തോഷത്തില്‍ അഗ്നിരക്ഷാ സംഘവും.