ഗ്വാളിയോര്‍ റയോണ്‍സിന്റെ ഉടമസ്ഥതയിലുള്ള മാവൂര്‍ പുഞ്ചപ്പാടത്തെ തരിശ് വയലില്‍ കൃഷിയിറക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു
കോഴിക്കോട്: ദുഷ്‌കരവും സങ്കീര്‍ണവുമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന സമയത്ത് കാര്‍ഷിക വൃത്തിയുടെ പുതിയ മാതൃകയുമായി മുക്കത്തെ അഗ്നിരക്ഷാ സേന. സിവില്‍ ഡിഫന്‍സ്, ആപ്താമിത്ര അംഗങ്ങള്‍ക്കൊപ്പമാണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. ദുരന്ത മേഖലകളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ജനകീയ രക്ഷാപ്രവര്‍ത്തന സന്നദ്ധ സേനയാണ് സിവില്‍ ഡിഫന്‍സും ആപ്താ മിത്രയും.
അഗ്‌നിരക്ഷാ നിലയത്തിന്റെ പരിസരത്ത് പച്ചക്കറി കൃഷി വിജയകരമായി നടത്തി വരുന്നുണ്ട്. അതിനിടയില്‍ നെല്‍കൃഷി എന്ന ആശയം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ മുന്നോട്ട് വെക്കുകയായിരുന്നു. തുടര്‍ന്ന് ഗ്വാളിയോര്‍ റയോണ്‍സിന്റെ ഉടമസ്ഥതയിലുള്ള മാവൂര്‍ പുഞ്ചപ്പാടത്തെ തരിശ് വയലില്‍ കൃഷിയിറക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. വയലിലുണ്ടായിരുന്ന ആഫ്രിക്കന്‍ പായലും പുല്ലും നീക്കി നിലമൊരുക്കി. പ്രദേശത്തെ കര്‍ഷകനായ പൂളക്കോട് അബ്ദുറഹിമാന്‍ നല്‍കിയ പൗര്‍ണമി നെല്ലിന്റെ ഞാറ് പറിച്ച് വയലില്‍ നട്ടാണ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.
മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍, സിവില്‍ ഡിഫന്‍സ് - ആപ്താ മിത്ര പോസ്റ്റ് വാര്‍ഡന്‍ ജാബിര്‍ കാരമൂല, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ആയിഷ തെങ്ങിലക്കടവ്, പാടശേഖര കമ്മറ്റി പ്രസിഡന്റ് സലീം എന്നിവര്‍ നേതൃത്വം നല്‍കി. ഇരുപത്തഞ്ചോളം സിവില്‍ ഡിഫന്‍സ് -ആപ്താ മിത്ര വളണ്ടിയര്‍മാരാണ് കൃഷിക്കായി ഒന്നിച്ചത്. വളം നല്‍കലും പരിപാലനവും ഇവര്‍ തന്നെ ചെയ്യും. വിളവെടുപ്പ് ആഘോഷമായി നടത്താനും പദ്ധതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
