ഇവിഎം, വിവി പാറ്റ് വെയര്‍ഹൗസ് നാളെ വൈകുന്നേരം മൂന്നിന് ബത്തേരി മിനി സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും.
കല്‍പ്പറ്റ: 17 -ാമത് ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച് വെക്കുകയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയായിരുന്നു. ശ്രദ്ധയോടെയും ഉചിതമായും സൂക്ഷിച്ചില്ലെങ്കില്‍ യന്ത്രങ്ങള്‍ നിരന്തരം പണിമുടക്കുന്ന അവസ്ഥയുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം പരിഹാരമാകുകയാണ്. സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവി പാറ്റ് മെഷീന്‍ എന്നിവ സൂക്ഷിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പുതിയ കെട്ടിടമൊരുങ്ങി.
ഇവിഎം, വിവി പാറ്റ് വെയര്‍ഹൗസ് നാളെ വൈകുന്നേരം മൂന്നിന് ബത്തേരി മിനി സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ എ ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിക്കും. 30 സെന്‍റ് സ്ഥലത്ത് 1.54 കോടി ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.
815.97 സ്‌ക്വയര്‍ മീറ്ററില്‍ രണ്ട് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ 2,000 വീതം ഇവിഎം, വിവി പാറ്റ് യന്ത്രങ്ങള്‍ സൂക്ഷിക്കാം. ഇതിന് പുറമെ റിസീവിങ്, ഡെസ്പാച്ച് മുറികളും ആദ്യഘട്ട പരിശോധന ഹാള്‍, വാഷ് റൂമുകള്‍ എന്നിവയുമുണ്ട്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വോട്ടെണ്ണലിന് ശേഷം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇവിഎം, വിവി പാറ്റ് മെഷീനുകള്‍ സുല്‍ത്താന്‍ ബത്തേരിയിലാവും സൂക്ഷിക്കുക.
