കോഴിക്കോട്:  ഇഎസ്ഐ ആശുപത്രിയിലെ ആദ്യ കീമോതെറാപ്പി യൂണിറ്റ് കോഴിക്കോട് ഫറോക്കിൽ പ്രവർത്തനം തുടങ്ങി. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഇഎസ്ഐ ഉപഭോക്താക്കൾക്ക് ഈ പദ്ധതി സഹായകരമാകും.   

മൂന്ന് ജില്ലകളിലെ 20 ഇഐസ്ഐ ഡിസ്പൻസറികളിൽ നിന്നുള്ളവരാണ് ഫറോക്ക് ഇഎസ്ഐ ആശുപത്രിയെ ആശ്രയിക്കുന്നത്. മാസത്തിൽ ശരാശരി 45 രോഗിക്കെങ്കിലും കീമോതെറാപ്പി ആവശ്യമായി വരുന്ന് സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.

നാല് കിടക്കകളുള്ള പ്രത്യേക മുറിയാണ് കീമോതെറാപ്പി യൂണിറ്റിനായി സ‍ജ്ജീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പരിശീലനം നേടിയ ഒരു ഓങ്കോളജിസ്റ്റും രണ്ട് നഴ്സുമാരും യൂണിറ്റിന്റെ ഭാഗമായുണ്ടാകും. സംസ്ഥാനത്തെ മറ്റ് ഇഎസ്ഐ ആശുപത്രികളിലും കീമോ തെറാപ്പി സംവിധാനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.