ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ' പദ്ധതിക്ക് നീതി ആയോഗിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. കോവിഡിന് ശേഷം സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ കൊണ്ടുവരാനും സ്കൂളുകളെ ആകർഷകമാക്കാനും ലക്ഷ്യമിട്ടാണ് നാല് വർഷമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.
സുൽത്താൻ ബത്തേരി: സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിയ 'ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ' പദ്ധതിക്ക് നീതി ആയോഗിന്റെ ദേശീയ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നഗരസഭയ്ക്ക് ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിൽ പുരസ്കാരം നേടുന്ന കേരളത്തിലെ ഏക നഗരസഭയായി മാറുകയാണ് സുൽത്താൻ ബത്തേരി. കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളിലെതാത്ത കുട്ടികളെ തിരികെ കൊണ്ടുവരാനും സ്കൂളിനെ കുട്ടികളുടെ ഇഷ്ടയിടമാക്കി മാറ്റാനാണ് കഴിഞ്ഞ നാല് വർഷമായി പദ്ധതി നടപ്പിലാക്കുന്നത്.
കായിക പരിശീലനം, തനത് ഗോത്രകലകളുടെ പരിശീലനം, ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്, സ്കൂളുകളിൽ ഹാപ്പിനസ് പാർക്ക്, ഹാപ്പിനസ് മിറർ എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്. 17 ഊരുകൂട്ട സന്നദ്ധ സേവകരെ നിയമിച്ച് സ്കൂളുകളും ഉന്നതികളും തമ്മിൽ നിരന്തര സമ്പർക്കം നിലനിർത്തി. പ്രതിവർഷം പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കളക്ടർ പദ്ധതി നീതി ആയോഗിന്റെ പ്രത്യേക പരിഗണനയ്ക്കായി സമർപ്പിച്ചതോടെ പദ്ധതി ദേശീയ ശ്രദ്ധ നേടിയത്. നഗരസഭയോടൊപ്പം ഡയറ്റ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, ജനപ്രതിനിധികൾ, ഊരുകൂട്ട വളണ്ടിയർമാർ, പ്രധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പദ്ധതി നടത്തിപ്പിനായി പ്രവർത്തിച്ചു.


