Asianet News MalayalamAsianet News Malayalam

മഴയുടെ അളവില്‍ ഗണ്യമായ കുറവ്; തൃശ്ശൂരിൽ മീൻ കൃഷി കർഷകർ പ്രതിസന്ധിയിൽ

വെള്ളമില്ലാത്തതിനാൽ കൃഷിയിടങ്ങളിൽ നിന്ന് മീൻകുഞ്ഞുങ്ങള്‍ ചത്തുപൊങ്ങുന്നതു മൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. തൃശ്ശൂര്‍ ജില്ലയിലാകെ 30,000 ഏക്കറിലധികം കോള്‍പാടങ്ങളിലാണ് കർഷകർ മീൻ കൃഷി ചെയ്യുന്നത്. 

Fish farmers in crisis in Thrissur
Author
Thrissur, First Published Jul 15, 2019, 10:58 AM IST

തൃശ്ശൂർ: മഴ കുറഞ്ഞതോടെ തൃശ്ശൂരിലെ മീൻ കൃഷി കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. വെള്ളമില്ലാത്തതിനാൽ കൃഷിയിടങ്ങളിൽ നിന്ന് മീൻകുഞ്ഞുങ്ങള്‍ ചത്തുപൊങ്ങുന്നതു മൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. തൃശ്ശൂര്‍ ജില്ലയിലാകെ 30,000 ഏക്കറിലധികം കോള്‍പാടങ്ങളിലാണ് കർഷകർ മീൻ കൃഷി ചെയ്യുന്നത്.

സംസ്ഥാന സർക്കാരിന്റെ നെല്ലും മീനും പദ്ധതി പ്രകാരം 80 ശതമാനം പാടങ്ങളിലും ആറുമാസം മീൻ കൃഷിയും ആറുമാസം നെൽകൃഷിയുമാണ് ചെയ്യുന്നത്. പാടങ്ങൾ പാട്ടത്തിനെടുത്താണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. സാധാരണ ജൂണ്‍-ജൂലായ് മാസങ്ങളില്‍ പാടത്ത് ഏഴ് അടിയെങ്കിലും വെള്ളമുണ്ടാകും. ഈ സമയത്താണ് നഴ്സറിയിലുളള മീൻകുഞ്ഞുങ്ങളെ പാടത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ ഇത്തവണ ഒരടി പോലും വെളളമില്ലെന്നും അതിനാല്‍ മീന്‍കുഞ്ഞുങ്ങളെ പാടത്തേക്ക് ഒഴുക്കിവിടാന്‍ കഴിഞ്ഞില്ലെന്നും മീൻ കര്‍ഷകനായ മോഹനൻ പറഞ്ഞു.

ഓരോ കര്‍ഷകനും 150 ഏക്കറിലേറെ സ്ഥലത്താണ് മീൻ കൃഷി ചെയ്യുന്നത്. മീൻ കുഞ്ഞുങ്ങള്‍ വാങ്ങുന്നതിനും അവയുടെ തീറ്റയ്ക്കും ജോലിക്കാരുടെ കൂലിയുമൊക്കെയായി ചുരുങ്ങിയത് 10 ലക്ഷത്തിലേറെ രൂപ ചെലവ് വരും. സാധാരണ ഒക്ടോബറില്‍ വിളവെടുക്കുമ്പോള്‍ 50 ടണ്‍ മീനെങ്കിലും കിട്ടാറുണ്ട്. ഇത്തവണ വെള്ളമില്ലാത്തതിനാല്‍ മീൻകുഞ്ഞുങ്ങള്‍ക്ക് വളർച്ച കുറവാണെന്നും മോഹനൻ കൂട്ടിച്ചേർത്തു.

കോള്‍പാടങ്ങളില്‍ പ്രതിവർഷം അഞ്ച് കോടിയിലേറെ രൂപയുടെ മീനാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത്തവണ അതിന്റെ കാൽ ശതമാനം പോലും കിട്ടില്ലെന്ന ആശങ്കയിലാണ് കർഷകർ. മഴ ഇനിയും പെയ്തില്ലെങ്കില്‍ നൂറുകണക്കിന് മീൻ കര്‍ഷകരുടെ ജീവിതമാണ് പ്രതിസന്ധിലാകും എന്നും കർഷകർ പറയുന്നു. 

Follow Us:
Download App:
  • android
  • ios