പരാതി ശക്തമായതോടെയാണ് സംഭവത്തിൽ മേയറുടെ ഇടപെടലുണ്ടാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും ഫിഷറീസ്, മലിനീകരണ നിയന്ത്രണബോർ‍ഡ് വകുപ്പുകളിലെ ഉദ്യേഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് വകുപ്പും പരിശോധന തുടങ്ങി. മേയറുടെ ഇടപെടലിനെ തുടർന്നാണ് നടപടി. മീനുകൾ ചത്തൊടുങ്ങുന്നതിന്‍റെ കാരണം പരിശോധനയിൽ വ്യക്തമായേക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ ഒരാഴ്ചയായി കരമനയാറിന്‍റെ തീരത്ത്
മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്.

വെളളത്തിലാകെ എണ്ണ കലർന്ന പാടയും നിറവ്യത്യാസവും കാണാം. പുഴുവരിച്ച് ദുർഗന്ധം പരത്തി പൊന്തുന്ന മീൻകൂട്ടത്തിനിടയിൽ മൂക്കുപൊത്തുകയാണ് നാട്ടുകാര്‍. പരാതി ശക്തമായതോടെയാണ് സംഭവത്തിൽ മേയറുടെ ഇടപെടലുണ്ടാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും ഫിഷറീസ്, മലിനീകരണ നിയന്ത്രണബോർ‍ഡ് വകുപ്പുകളിലെ ഉദ്യേഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മീൻ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാകൂവെന്ന് മേയർ അറിയിച്ചു. തലസ്ഥാനത്തെ പ്രധാനകുടിവെളള സ്രോതസുകൂടിയാണ് കരമനയാർ. പക്ഷേ അലക്കാനോ കുളിക്കാനോ പോലും ആരുമിവിടേക്കെത്താത്ത അവസ്ഥയാണ്.