തിരുവനന്തപുരം: റോഡപകടത്തെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മസ്തിഷ്ക മരണം സംഭവിച്ച മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി കെ മജീദ് ആറ് പേരിലൂടെ ജീവിക്കും. മജീദിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. കരള്‍, വൃക്ക, രണ്ട് കണ്ണുകള്‍, രണ്ട് ഹൃദയ വാല്‍വുകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയ്ക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.

അതീവ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരവറിയിച്ചു. 

തൃശൂര്‍ കൊടുങ്ങല്ലൂര്‍ പേ ബസാര്‍ എറിയാട് വില്ലേജില്‍ ചേറാടിയില്‍ കുഞ്ഞുമൊയ്ദീന്റെ മകനായ സി.കെ. മജീദ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും കൂടിയാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്ക്കായാണ് ഏപ്രില്‍ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക്ക് ഡൗണ്‍ സമയത്ത് മത്സ്യതൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ച് ഇളവ് നേടാനാണെത്തിയത്. ചര്‍ച്ച കഴിഞ്ഞുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. 

കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. ലോക്ക് ഡൗണായതിനാല്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, യൂറോളജി വിഭാഗം മേധാവി ഡോ. വേണുഗോപാല്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഉഷകുമാരി, ട്രാന്‍സ്പ്ലാന്റ് പ്രക്യുയര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. സി. ജയന്‍ എന്നിവരാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം കൊടുങ്ങല്ലൂര്‍ എറിയാട് ജമാഅത്ത് പള്ളിയില്‍ രാത്രി വൈകി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ റംലത്ത് വീട്ടമ്മയാണ്. മണ്‍സൂര്‍, മന്‍സില, സുലേഖ ബീവി എന്നിവര്‍ മക്കളും ബഷീര്‍, അന്‍ഷാദ്, ജസീന എന്നിവര്‍ മരുമക്കളുമാണ്.