ആലപ്പുഴ: കടൽക്ഷോഭത്തിൽ വീട് തകർന്നതിന് അനുവദിച്ച സാമ്പത്തിക സഹായം തിരിച്ചുനൽകണമെന്ന് മത്സ്യത്തൊഴിലാളിയോട് ഫിഷറീസ് വകുപ്പ്. വിവാഹിതനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ നീർക്കുന്നം സ്വദേശി ഉണ്ണികൃഷ്ണന് സഹായം നിഷേധിക്കുന്നത്. പ്രളയരക്ഷാപ്രവർത്തനത്തിന് സർക്കാർ ആദരിച്ച മത്സ്യതൊഴിലാളിയാണ് ഉണ്ണികൃഷ്ണൻ.

നിസഹായതയുടെ തീരത്താണ് ഉണ്ണികൃഷ്ണൻ. രാപ്പകലില്ലാതെ അധ്വാനിച്ച് കെട്ടി ഉയർത്തിയ വീട് രണ്ട് കൊല്ലം മുൻപ് കടൽകൊണ്ടുപോയി. കടൽക്ഷോഭത്തിൽ വീട് തകർന്ന മത്സ്യതൊഴിലാളികൾക്ക് വസ്തു വാങ്ങി വീട് വയ്ക്കാനുള്ള 10 ലക്ഷം രൂപ ഉണ്ണികൃഷ്ണനും സർക്കാർ അനുവദിച്ചു. ആദ്യ ഗഡുവായ ഒരു ലക്ഷം ബാങ്ക് അക്കൗണ്ടിലെത്തി. ഈ തുക ഭൂമി വാങ്ങാൻ അഡ്വാൻസും നൽകി. അപ്പോഴാണ് ഫിഷറീസ് വകുപ്പിന്‍റെ പുതിയ അറിയിപ്പ് എത്തുന്നത്. നൽകിയ പണം തിരിച്ചടയ്ക്കണം.

വസ്തു വാങ്ങാൻ നൽകിയ മുൻകൂർ പണം തിരികെ കിട്ടുമോയന്ന് ഉറപ്പില്ല. എത്രയും വേഗം പണം തിരിച്ചടച്ചില്ലെങ്കിൽ പലിശ അടക്കം ഈടാക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ മുന്നറിയിപ്പ്. ശാരീരിക അവശതകൾ നേരിടുന്ന ഉണ്ണികൃഷ്ണന് ഒരു സഹോദരി മാത്രമാണുള്ളത്. സഹായം തേടി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

മത്സ്യതൊഴിലാളിക്ക് വീട് വയ്ക്കാൻ സാമ്പത്തിക സഹായം നൽകുമ്പോൾ വിവാഹം ചെയ്തവരാണ് അർഹരെന്ന നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഫിഷറീസ് വകുപ്പ് വിശദീകരിക്കുന്നു. എന്നാൽ പണം അനുവദിക്കും മുൻപ് ഇത് അന്വേഷിച്ചില്ലേ എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.