കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കടല്‍ പ്രക്ഷുഭ്ധമാവുകയും തീരപ്രദേശത്തെ രണ്ട് നിരയോളം വീടുകളിലേക്ക് വെള്ളം കയറുകയുമായിരുന്നു. ഇത് പൊന്നാനി മുതല്‍ പാലപ്പെട്ടിവരെയുള്ള പ്രദേശത്ത് അനുഭവപ്പെട്ടു

പൊന്നാനി; കേരളം വീണ്ടുമൊരു മണ്‍സൂണ്‍ കാലത്തേക്ക് കടക്കുകയാണ്. വര്‍ഷങ്ങളായി തീരശേഷണം നേരിടുന്ന കേരളത്തിലെ തീരങ്ങളില്‍ ഈ വര്‍ഷം ഏറ്റവുമാദ്യം കടലേറ്റം രേഖപ്പെടുത്തിയത് പൊന്നാനിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ കടലേറ്റമായിരുന്നു പൊന്നാനി തീരത്ത് ദൃശ്യമായതെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ പ്രദേശത്ത് ഇതുവരെയായും ഒരു ദുരിതാശ്വാസ ക്യാമ്പ് പോലും ഇല്ലെന്നും കുടിവെള്ളം പോലും ഇല്ലാതായിട്ട് രണ്ട് ദിവസമായെന്നും തീരദേശവാസികള്‍ പറയുന്നു. 

കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കടല്‍ പ്രക്ഷുഭ്ധമാവുകയും തീരപ്രദേശത്തെ രണ്ട് നിരയോളം വീടുകളിലേക്ക് വെള്ളം കയറുകയുമായിരുന്നു. ഇത് പൊന്നാനി മുതല്‍ പാലപ്പെട്ടിവരെയുള്ള പ്രദേശത്ത് അനുഭവപ്പെട്ടു. ഈ ഭാഗങ്ങളിലെ നൂറോളം വീടുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതോടെ വിദ്യാര്‍ത്ഥികള്‍ സ്കുളിലേക്ക് പോകാതെയായി. ഇതിനിടെ രണ്ട് ദിവസമായി പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങിയെന്ന് പ്രദേശവാസിയും മത്സ്യത്തൊഴിലാളിയുമായ തൗഫീഖ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

20 വര്‍ഷം മുമ്പ് കടലേറ്റം രൂക്ഷമായിരുന്ന കാലത്താണ് അവസാനമായി പ്രദേശത്ത് കരിങ്കല്‍ ഭിത്തിക്കായി കല്ലിട്ടത്. അതിന് ശേഷം ഇതുവരെയായും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. 2021 ഫെബ്രുവരിയില്‍ പ്രദേശത്ത് കടല്‍ ഭിത്തിയുടെ നിര്‍മ്മണത്തിന് 10 കോടി ഭരണാനുമതി ലഭിച്ചുവെന്ന് പി. നന്ദകുമാർ എംഎല്‍എ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും അതില്‍ മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ രണ്ട് ദിവസവും വൈകീട്ട് തീരപ്രദേശത്ത് വെള്ളം കയറിയിരുന്നെന്നും എന്നാല്‍ അല്പ സമയത്തിനകം വെള്ളം ഒഴിഞ്ഞ് പോയതായും പൊന്നാനി മുനിസിപ്പാലിറ്റി, അലിയാര്‍ പള്ളി 48 -ാം വാര്‍ഡ് കൗണ്‍സിലര്‍ ശരീക്കത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കടലേറ്റം രൂക്ഷമായിരുന്നു. ഈയവസരങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. ഈ വര്‍ഷം രൂക്ഷമായ കടലേറ്റം ദൃശ്യമല്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ലെന്നും ശരീക്കത്ത് കൂട്ടിച്ചേര്‍ത്തു. തീരദേശത്ത് കല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ തുടര്‍ പരിപാടികളൊന്നും നടന്നില്ലെന്നും ശരീക്കത്ത് ചൂണ്ടിക്കാട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് സ്ട്രീമിംഗ് കാണാം 

YouTube video player